
പൊന്നാനി: പൊന്നാനി സബ്ബ് രജിസ്ട്രാർ ഓഫീസ് ഉൾപ്പെടെ കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ സർക്കാർ ഓഫീസുകൾക്കുമായി പുതിയ അനക്സ് കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ, ധനകാര്യ വകുപ്പ് മന്ത്രി എൻ.കെ ബാലഗോപാലൻ എന്നിവർക്ക് പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം നിവേദനം നൽകി. പൊന്നാനിയിലെ സാധാരണക്കാരായ ജനങ്ങൾ ഭൂമി സംബന്ധമായ രജിസ്ട്രഷനുകൾക്ക് ആശ്രയിക്കുന്ന സ്ഥാപനമാണ് പൊന്നാനി സബ്ബ് രജിസ്ട്രാർ ഓഫീസ്. ഈ ഓഫീസിന്റെ ശോചനീയാവസ്ഥ കാരണം സാധാരണക്കാരായ ജനങ്ങളും ഓഫീസിലെ തന്നെ ജീവനക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തന്നെ പ്രസ്തുത കെട്ടിടം അപകടാവസ്ഥയിലാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം ആധാരങ്ങളുടെ പകർപ്പ് എടുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യമാണുള്ളത്.
നിലവിലെ രജിസ്ട്രാർ ഓഫീസിന്റ സമീപത്തെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുതിയ ഓഫീസ് കെട്ടിടത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണ്.
സബ്ബ് രജിസ്ട്രാർ ഓഫീസ് ഉൾപ്പെടെ കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്കായി മിനി സിവിൽസ്റ്റേഷൻ പരിസരത്തുള്ള റവന്യു ഭൂമി ഉപയോഗിച്ച് പുതിയ അനക്സ് കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സബ്ബ് രജിസ്ട്രാർ ഓഫീസ് താൽക്കാലികമായി മിനി സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിമാർക്ക് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഫർഹാൻ ബിയ്യം നിവേദനം നൽകിയത്.