panakkadu-haidarali-shiha

മതവും രാഷ്ട്രീയവും ഒന്നിച്ച് നീന്തുമോ? അത്ര എളുപ്പമല്ല. മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് ജനാധിപത്യത്തിൽ അത്ര സുഖകരമായ കാഴ്ചയുമല്ല. മതം കലർന്ന രാഷ്ട്രീയം പക്വമായ തീരുമാനങ്ങളെ വൈകാരികതകൊണ്ട് മുറിവേല്‌പിച്ചേക്കാം. ഇവിടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യത്യസ്തനാവുന്നത്. രാഷ്ട്രീയ,​ മത -നേതൃ സ്ഥാനങ്ങൾ ഒരുപോലെ കൊണ്ടുപോകുന്നതിനൊപ്പം ബഹുസ്വരതയുടെ എല്ലാ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിൽ അതീവശ്രദ്ധയും പുല‌ർത്തി അദ്ദേഹം. മുസ്‌‌ലിം സമുദായത്തിൽ തീവ്രനിലപാടുകാർ ഇടംപിടിക്കുന്നതിന് ഒരുപരിധി വരെ തടയിടാനും ഹൈദരലി തങ്ങളുടെ നിലപാടുകൾക്കായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗാനന്തരം മുസ്‌ലിം ലീഗിന്റെ പുതിയ നേതൃത്വത്തിന് മുന്നിലെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നും ഇതു തന്നെയാവും.

മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നാല് പതിറ്റാണ്ടായി പാണക്കാട് കുടുംബാംഗങ്ങളാണ് വഹിക്കുന്നത്. ആത്മീയരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് പാണക്കാട്ടേത്. ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടർന്നാണ് മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷ പദവി സയ്യിദ് അഹമ്മദ് പുക്കോയ തങ്ങളിലൂടെ പാണക്കാട്ടേക്ക് ആദ്യമെത്തിയത്. മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേതൃത്വത്തിലെ പ്രധാനിയായിരുന്നു സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ. രാഷ്ട്രീയ പദവി തേടിയെത്തിയപ്പോൾ മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ കൂടുതൽ സൂക്ഷ്മത പുലർത്തുന്ന നേതാവിന്റെ മുഖമാണ് ദൃശ്യമായത്. സഹോദര സമുദായങ്ങളെ നോവിക്കുന്ന വാക്കുകൾ പോലും ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം അദ്ദേഹം ഒപ്പമുള്ളവർക്ക് നല്‌കി. അദ്ദേഹത്തിന്റെ വഴിയേ തന്നെ സഞ്ചരിച്ച മകനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മൂന്ന് പതിറ്റാണ്ടിലധികം ലീഗിനെ നയിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 2009 ആഗസ്റ്റിലാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചുമതലയേറ്റത്. മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതലും ആത്മീയ രംഗത്തായിരുന്നു ഹൈദരലി തങ്ങൾ അതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സമസ്തയുടെയും പോഷക സംഘടനകളുടെയും തലപ്പത്ത് സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മത,​ രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുപോലെ വഹിക്കേണ്ടി വരുമ്പോൾ പുലർത്തേണ്ട സൂക്ഷ്മതയും ഉത്തരവാദിത്വവും എത്രമാത്രം വലുതാണെന്നത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചു എന്നതാണ് ഹൈദരലി തങ്ങളുടെ മഹത്വമുയ‌ർത്തുന്നത്. ഒരുപതിറ്റാണ്ടിലധികം മുസ്‌ലിം ലീഗിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് ഹൈദരലി തങ്ങൾ ഇരുന്നപ്പോഴും നിലമറന്നുള്ള ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. പലപ്പോഴും വിവിധ സമുദായങ്ങൾക്കിടയിലെ സമന്വയത്തിന്റെ പാലമായി വർത്തിച്ചു. ബാബറി മസ്ജിദ് കേസിൽ അന്തിമവിധി വരുന്ന സമയത്ത് അദ്ദേഹമെടുത്ത നിലപാട് ചരിത്രം അഭിമാനപൂർവം തന്നെ രേഖപ്പെടുത്തും.

നിലയ്‌ക്കരുത്

സമാധാന ശബ്ദം

ബാബറി മസ്ജിദ് തകർച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്വസ്ഥതകളും പൊട്ടിത്തെറികളും നടന്നപ്പോഴും കേരളം ശാന്തമായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സമാധാന ആഹ്വാനമായിരുന്നു കേരളത്തെ ശാന്തമാക്കി നിറുത്തിയത്. അവസരം മുതലെടുക്കാൻ പലരും ശ്രമിച്ചപ്പോഴും അതിന്റെ എല്ലാം കടയ്ക്കൽ കത്തിവച്ചത് ശിഹാബ് തങ്ങളുടെ പക്വവും അവസരോചിത ഇടപെടലുകളായിരുന്നു. സ്വന്തം പാർട്ടി രണ്ടായി വിഭജിക്കപ്പെട്ടപ്പോഴും താനെടുത്ത നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോവാൻ ശിഹാബ് തങ്ങൾ തയ്യാറായില്ല. സമൂഹത്തിൽ ഛിദ്രത സൃഷ്ടിച്ച് ഉണ്ടാക്കുന്ന ഒരുനേട്ടവും വേണ്ടെന്ന ഉറച്ച നിലപാടെടുത്തു. ചരിത്രത്തിൽ ശിഹാബ് തങ്ങൾ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടതും ഇതിനാൽത്തന്നെ.

ദശാബ്ദങ്ങളായി തുടരുന്ന ബാബറി കേസിലെ സുപ്രീംകോടതി അന്തിമ വിധിയുടെ പശ്ചാത്തലത്തിൽ നാട് ഏറെ ജാഗ്രതയിലായിരുന്നു. വർഗീയതയ്ക്ക് നിലമൊരുക്കാൻ പറ്റിയ അവസരമായി ചില സംഘടനകൾ ഇതിനെ കണ്ടതോടെ നാടിന്റെ സമാധാനം പ്രധാന ആശങ്കയായി ഉയർന്നിരുന്നു. ബാബറി മസ്‌ജിദിന്റെ തകർച്ചാസമയത്ത് ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത നിലപാട് കേരളത്തെ അസ്വസ്ഥതകളിൽ നിന്ന് രക്ഷിച്ചപ്പോൾ, കേസിലെ അന്തിമ വിധി വന്നപ്പോൾ സമാധാനവും സൗഹാർദ്ദവും ഉറപ്പിച്ചത് ഹൈദരലി തങ്ങളുടെ ഉറച്ച ശബ്ദമായിരുന്നു. ഓരോ വാക്കുകളിലും സൗഹൗർദ്ദവും സമാധാനവും സൂക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എക്കാലത്തും ഉയർത്തപ്പെടേണ്ട ആ വാക്കുകൾ ഇങ്ങനെ;

'' സമാധാനവും സൗഹാർദ്ദവും നിലനിറുത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണം. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രം. കോടതി വിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെ പറഞ്ഞിട്ടുള്ളവരാണ് വിശ്വാസികൾ.

വിധിയുടെ പേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരാതിരിക്കാൻ ജാഗ്രത പുലർത്തണം. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ കരുതലും സ്‌നേഹവും ഐക്യദാർഢ്യവും ഓരോ നി‌ർണായക ഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ആ പരസ്പര സ്‌നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷം. '' അന്തിമ വിധി പുറത്തുവന്നപ്പോൾ നാട് ശാന്തമായത് ഈ വാക്കുകളിലായിരുന്നു. മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത് ഈ കരുതലാണ്.