najeeb-al-hindi

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐസിസ് ഭീകരൻ നജീബിന് നാടുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ല.

ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ നജീബ് യു.എ.ഇയിലാണ് പഠിച്ചത്. കുടുംബവും ഇവിടെയായിരുന്നു. ഏറെക്കാലം ഗൾഫിലായതിനാൽ നജീബിന് നാട്ടിൽ ബന്ധങ്ങൾ കുറവായിരുന്നു. എം.ടെക്ക് പഠനത്തിന് മുന്നോടിയായാണ് നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. വിദേശത്തും മറ്റുമുള്ള ചില ബന്ധങ്ങൾ വഴി ഓൺലൈൻ ക്ലാസുകളിലൂടെയാണ് നജീബ് ഐസിസിൽ ആകൃഷ്ടനായതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. നജീബ് വീട്ടിൽ വെച്ച് പോയ ലാപ്‌ടോപ്പും മറ്റും പരിശോധിച്ചപ്പോഴും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു.

തമിഴ്നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായിരിക്കെ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് ഫോൺ വിളിച്ച നജീബ് താൻ യഥാർത്ഥ ഇസ്‌ലാമിക രാജ്യത്ത് എത്തിയെന്നും സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്റ ചെയ്തതെന്നും മാതാവിനോട് പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിക്കുകയും പിന്നീട് മാതാവിന്റെ ഫോണിലേക്ക് ജിഹാദി സന്ദേശങ്ങളും അയച്ചു. വേഗം തിരികെ വരണമെന്നും അല്ലെങ്കിൽ കുടുംബമൊന്നാകെ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും നജീബ് ചെവികൊണ്ടില്ല. തന്നെ അന്വേഷിക്കുകയോ പൊലീസിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. മകനെ കാണാനില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നെന്നും കാണിച്ച് മാതാവ് ഖമറുന്നിസ മലപ്പുറം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നെന്ന് മലപ്പുറം സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.