budget
ബഡ്ജറ്റ്

മലപ്പുറം: സംസ്ഥാന ബഡ്‌ജറ്റിൽ ജില്ല പ്രതീക്ഷിച്ച പ്രധാന പദ്ധതികൾ ഇടംപിടിച്ചില്ല. അതേസമയം വിദ്യാഭ്യാസ മേഖലയിൽ നിരവധി പദ്ധതികൾ ഉൾപ്പെട്ടിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ട്രാൻസ്‌ലേഷനൽ റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 20 കോടി രൂപ അനുവദിച്ചു. യൂണിവേഴ്സിറ്റിയിൽ പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും. എൻജിനിയറിംഗ് കോളേജ്, പോളിടെക്നിക്, ഐ.ടി.ഐ, ആർട്സ് ആൻ‌ഡ് സയൻസ് കോളേജ് എന്നിവയോട് ചേർന്ന് തൊഴിൽ സംരംഭക കേന്ദ്രങ്ങൾ തുടങ്ങും. ജില്ലയിൽ സ്‌കിൽ പാർക് ആരംഭിക്കുന്നതിനായി 10 മുതൽ 15 ഏക്കർ വരെ ഏറ്റെടുക്കും. 15 കോടി രൂപ സ്‌കിൽ പാർക്കിന് അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്‌കിൽ കോഴ്സുകൾ അനുവദിക്കും. ഇതിനായി ഒരു നിയോജക മണ്ഡലത്തിന് ഒരു കോടി രൂപ വീതം അനുവദിക്കും. മൂർക്കനാട് പാൽപ്പൊടി ഉത്പാദന കേന്ദ്രത്തിന് 32.72 കോടി രൂപ അനുവദിച്ചതും ജില്ലയ്ക്ക് നേട്ടമാണ്. പൊന്നാനി തുറമുഖത്ത് സുസ്ഥിര ചരക്ക് നീക്കത്തിനും യാത്രാ ഗതാഗതത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോകൾ നവീകരിക്കുന്നതിന് സഹായമേകും. തിരൂർ തുഞ്ചൻപറമ്പിൽ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിന് ഒരു കോടി രൂപയും അനുവദിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് വികസനം,​ ജനറൽ ആശുപത്രി എന്നിവയടക്കം ആരോഗ്യ മേഖലയിൽ പ്രതീക്ഷിച്ച പദ്ധതികൾ ഇടംപിടിച്ചില്ല.

ഇടംപിടിച്ച് പദ്ധതികൾ
തിരൂരങ്ങാടി: ബഡ്ജറ്റ് പ്രഖ്യാപനത്തിൽ തിരൂരങ്ങാടി മണ്ഡലത്തിലെ നിരവധി പദ്ധതികൾ ഇടം പിടിച്ചു. പുതുപ്പറമ്പ് ജലസേചന പദ്ധതിയ്ക്ക് അഞ്ചുകോടി രൂപ വകയിരുത്തി. മോര്യകാപ്പ് ജലസേചന കാർഷിക പദ്ധതി, തിരൂരങ്ങാടി ഫയർസ്റ്റേഷൻ നിർമ്മാണം, പരപ്പനങ്ങാടി എൽ.ബി.എസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിർമാണവും, തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ പുതിയ ബ്ലോക്ക് നിർമാണം, കുണ്ടൂർ തോട് നവീകരണം, കീരനല്ലൂർ ന്യൂക്കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, കാളം തിരുത്തി പാലം നിർമാണം, ചെമ്മാട് റസ്റ്റ് ഹൗസ് നവീകരണം, കക്കാട് പുഴ സംരക്ഷണം, തിരൂരങ്ങാടി വാട്ടർ സപ്പ്‌ലൈ സ്‌കീം രണ്ടാംഘട്ടം, ഗവ.യു.പി.സ്‌കൂൾ ക്ലാരി കെട്ടിട നിർമാണം, ചന്തപ്പടി ഗവ.എൽ.പി. സ്‌കൂൾ കെട്ടിട നിർമ്മാണം, ഗവ.എൽ.പി. സ്‌കൂൾ കുറ്റിപ്പാല കെട്ടിട നിർമ്മാണം, കാളം തിരുത്തി ബദൽ സ്‌കൂൾ കെട്ടിട നിർമാണം, ഗവ.എൽ.പി സ്‌കൂൾ തിരുത്തി കെട്ടിട നിർമാണം, പെരുമണ്ണ ക്ലാരി ഫാമിലി ഹെൽത്ത് സെന്റർ കെട്ടിടം നിർമ്മിക്കലും അനുബന്ധ സൗകര്യം ഒരുക്കലും, തിരൂരങ്ങാടി ജില്ലാ പൈതൃക മ്യൂസിയ നവീകരണം രണ്ടാംഘട്ടം, കൊടിഞ്ഞി ഇരുകുളം പ്രകൃതി സൗഹൃദ പാർക്ക് നിർമാണം, കീരനല്ലൂർ ടൂറിസം പദ്ധതി നിർമ്മാണം, പരപ്പനങ്ങാടി കോടതി സമുച്ചയ നിർമ്മാണം, പതിനാറുങ്ങൽ കക്കാട് ബൈപ്പാസ് നിർമാണം, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി , മൂഴിക്കൽ റെഗുലേറ്റർ നിർമാണം, പരപ്പനങ്ങാടി സയൻസ് പാർക്ക് ആന്റ് പ്ലാനറ്റേറിയം രണ്ടാംഘട്ട നിർമ്മാണം എന്നിവയാണ് ബ‌ഡ്‌ജറ്റിൽ പരാമർശിച്ച മറ്റ് പദ്ധതികൾ.

നിലമ്പൂരിന് നിരാശ

നിലമ്പൂർ: സംസ്ഥാന ബഡ്‌ജറ്റിൽ നിലമ്പൂരിന് കടുത്ത നിരാശ. നിലമ്പൂർ നിയോജകമണ്ഡലത്തിലെ വനാതിർത്തികളിൽ വന്യമൃഗശല്യം തടയുന്നതിന് കരിങ്കല്ലുപയോഗിച്ചുള്ള ട്രഞ്ച് നിർമാണവും റെയിൽ ഫെൻസിംഗ് സ്ഥാപിക്കലിനും രണ്ട് കോടി അനുവദിച്ചതാണ് ആകെയുള്ള പ്രഖ്യാപനം. മറ്റു മണ്ഡലങ്ങളിൽ ഒന്നിലധികം പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നിലമ്പൂരിന് ഒരു പദ്ധതി മാത്രമാണ് അനുവദിച്ചത്. എല്ലാ മണ്ഡലങ്ങൾക്കും അനുവദിച്ച 20 ശതമാനം തുക മാത്രം നിലമ്പൂർ മണ്ഡലത്തിനും അനുവദിക്കുകയായിരുന്നു. വന്യമൃഗശല്യം തടയുന്നതിന് ട്രഞ്ച് നിർമ്മാണവും വേലി സ്ഥാപിക്കലിനും 10 കോടി രൂപയുടെ പദ്ധതിയാണ് നിർദേശിച്ചത്. ഇതിന്റെ 20 ശതമാനമായ 2 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. പി.വി അൻവർ എം.എൽ.എ 20 പ്രൊപോസലുകളാണ് സമർപ്പിച്ചിരുന്നതെങ്കിലും 19 എണ്ണവും 100 രൂപ ടോക്കണിലേക്ക് തള്ളപ്പെട്ടു.

ആവശ്യപ്പെട്ടത് 145 കോടി,​ കിട്ടിയത് 7.10കോടി

കോട്ടക്കൽ: സംസ്ഥാന ബഡ്‌ജറ്റിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ 7.10 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഫണ്ട് ലഭ്യമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിൽ നിന്നും ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ.എ ഇരുപത് പ്രധാന പദ്ധതികൾക്കായി ആവശ്യപ്പെട്ടത് 145.75 കോടിയായിരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ പി.എച്ച് സെന്റർ മുക്കിലപ്പീടിക റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ (രണ്ടാം ഘട്ടം) 5.5 കോടി, കോട്ടക്കൽ നഗരസഭയിലെ ചങ്കുവെട്ടി മിനി റോഡ് സൂപ്പി ബസാർ റോഡ് (1.5 കോടി), വളാഞ്ചേരി നഗരസഭയിലെ സ: കോട്ടീരി നാരായണൻ റോഡ് ചോലക്കൽ മുതൽ മുള്ളൻമട വരെ (10 ലക്ഷം) എന്നിവയാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയ പദ്ധതികൾ. ആവശ്യപ്പെട്ട തുകയുടെ 20 ശതമാനമാണ് ഇപ്പോൾ നീക്കിവെച്ചിട്ടുള്ളത്. ഇതിന്റെ അഞ്ച് മടങ്ങായി വർദ്ധിപ്പിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കണം. തുടർന്ന് സാങ്കേതികാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചാണ് പ്രവൃത്തി നടപ്പിലാക്കുക.

തിരുർ മണ്ഡലത്തിന് നേട്ടങ്ങൾ

തീരുർ: തിരൂരിൽ തുഞ്ചൻ സ്മാരക ഗവേഷണ കേന്ദ്രം, മലയാള സർവകലാശാല ആസ്ഥാന മന്ദിരം, തിരൂർ റെയിൽവേ സ്റ്റേഷൻ,​ ജില്ലാ ആശുപത്രി റോഡ് എന്നിവക്ക് ബ‌ഡ്‌ജറ്റിൽ തുക വകയിരുത്തി. തിരൂർ പൊൻമുണ്ടം ആർ.ഒ.ബി അപ്രോച്ച് റോഡ് നിർമ്മാണം, പുത്തനത്താണി വൈലത്തൂർ റോഡ് ബി.എം ആൻഡ് ബിസി പ്രവൃത്തി, തിരൂർ മിനി സിവിൽ സ്റ്റേഷൻ പുതിയ കെട്ടിടം, മലയാള സർവകലാശാല വനിതാ ഹോസ്റ്റൽ, തലകടത്തൂർ തിരൂർ ബസ് സ്റ്റാൻഡ് റോഡ് വീതി കൂട്ടുന്ന പ്രവൃത്തി, തിരൂർ ബോയ്സ് ഹയർ സെക്കൻഡറി,​ ഹൈസ്‌കൂൾ, ഗവ.എൽ.പി സ്‌കൂൾ മഞ്ഞച്ചോല സ്‌കൂൾ കെട്ടിട നിർമ്മാണം, വളവന്നൂരിൽ റവന്യൂ ടവർ, വളവന്നൂർ വെറ്ററിനറി ആശുപത്രി അപ്‌ഗ്രേഡ് ചെയ്യൽ, പനമ്പാലം പയ്യനങ്ങാടി റോഡ് വീതി കൂട്ടൽ, പറവണ്ണ മിനി ഹാർബർ, വെട്ടം ആശാൻപടി നടപ്പാലം നിർമ്മാണം, വെട്ടം ചീർപ്പ് വൈശ്യം പാലം നിർമ്മാണം, ആതവനാട് കാവുങ്ങൾ പുതിയ പാലം നിർമ്മാണം, പട്ടർ നടക്കാവ് ബൈപാസ് റോഡ്, വെട്ടം മംഗലം പട്ടയിൽ കടവ് പാലം നിർമ്മാണം, കോലുപാലം പുതിയ പാലം നിർമ്മാണം, കട്ടച്ചിറ പുതിയ പാലം എന്നിവ ബഡ്ജറ്റിൽ ഉൾപ്പെടുത്തി. തിരൂർ ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന ഓങ്കോളജി വിഭാഗത്തിന് ആവശ്യമായ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം ബഡ്‌ജറ്റിൽ പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കി. തിരൂർ പൊൻ മുണ്ടം ആർ.ഒ.ബി. അപ്രോച് റോഡിന് തുക വകയിരുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.

മങ്കടയിൽ ഇടംനേടിയത് 20 പ്രവൃത്തികൾ

പെരിന്തൽമണ്ണ: സംസ്ഥാന ബ‌‌‌‌‌ഡ്‌ജറ്റിൽ പുഴക്കാട്ടിരി ഉടുമ്പനശേരി വി.സി.ബി കം ബ്രിഡ്ജ് നിർമ്മാണത്തിന് 3 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് 20 ശതമാനം തുകയായ 60 ലക്ഷം രൂപയും, പോത്തുകുണ്ട് ജി എൽ പി സ്‌കൂൾ കെട്ടിട നിർമാണം, വെള്ളില ജി.എൽ.പി സ്‌കൂൾ കെട്ടിട നിർമാണം എന്നീ ഒരു കോടി രൂപ വീതം എസ്റ്റിമേറ്റുള്ള പ്രവൃത്തികൾക്ക് 20 ലക്ഷം രൂപ വീതവും ഉൾപ്പടെ 5 കോടി രൂപയുടെ പ്രവൃത്തികൾക്ക് സർക്കാർ ബഡ്ജറ്റിൽ തുക വകയിരുത്തിയതായി മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു.

കൊണ്ടോട്ടിയിൽ റോഡ് വികസനം

കൊണ്ടോട്ടി: വാലില്ലാപുഴ എളമരം എരട്ട മുഴി റോഡിന് അഞ്ച് കോടി രൂപ അനുവദിച്ചതായി ടി.വി ഇബ്രാഹിം എം.എൽ.എ അറിയിച്ചു. എളമരം, കൂളിമാട് പാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഈ റോഡിൽ തിരക്ക് ഉണ്ടാകുന്നത് പരിഗണിച്ചാണ് റോഡിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ടോക്കൺ പ്രൊവിഷൻ ഉള്ള പ്രവൃത്തികൾ താഴെ പറയുന്നവ ഉൾപ്പെടും. കൊണ്ടോട്ടി മിനി സിവിൽ സ്റ്റേഷൻ, പൈതൃക നഗര പദ്ധതി, കെണ്ടാട്ടി നഗര വികസന പദ്ധതി, സ്‌കൂൾ കെട്ടിടങ്ങൾക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കും കെട്ടിടങ്ങൾ, രാമാനാട്ടുകര എയർപോർട്ട് റോഡ് വികസനം, പ്രധാന പൊതുമരാമത്ത് റോഡുകളുടെ വികസനം, കൊണ്ടോട്ടി ഗവ.കോളേജ് സ്ഥലമെടുപ്പ്, ഹോസ്റ്റൽ നിർമ്മാണം എന്നിവയെല്ലാം ബഡ്‌ജറ്റ് നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വേങ്ങരയ്ക്ക് ഫ്ലൈ ഓവർ

വേങ്ങര: സംസ്ഥാന ബഡ്ജറ്റിൽ വേങ്ങര നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി നിരവധി പ്രഖ്യാപനങ്ങൾ. വേങ്ങര ടൗണിലെ തിരക്കിന് പരിഹാരമായി ഫ്‌ളൈ ഓവർ, വിവിധ സർക്കാർ ഓഫീസുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വേങ്ങരയിൽ പുതുതായി മിനി സിവിൽ സ്റ്റേഷൻ, ശുദ്ധജല വിതരണതിനായി മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ, അചനമ്പലം കൂരിയാട്, കുഴിപ്പുറം ആട്ടീരി കോട്ടക്കൽ, എടരിക്കോട് പറപ്പൂർ വേങ്ങര, ഊരകംനെടുവക്കാട് നെടിയിരുപ്പ് എന്നിങ്ങനെ നാല് റോഡുകളും മമ്പുറം ലിങ്ക് റോഡും നിർമ്മിക്കും. വലിയോറ തേർകയം പാലം, ആട്ടീരിയിൽ പാലം എന്നിങ്ങനെ രണ്ടുപാലങ്ങൾ നിർമിക്കുന്നതിനും ബഡ്ജറ്റിൽ തുകവകയിരുത്തി. മറ്റത്തൂരിൽ കടലുണ്ടി പുഴക്ക് കുറുകെ ചെക്ക് ഡാം, ഊരകം കാരത്തോട് കുന്നത്ത് ജലസേചന പദ്ധതി, ഊരകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം, പറപ്പൂർ പി. എച്ച്.സി കെട്ടിടനിർമാണത്തിനും ബഡ്ജറ്റിൽ തുകവകയിരുത്തിയിട്ടുണ്ട്.
വേങ്ങര ബാക്കികയത്ത് പുതിയ പമ്പിംഗ് സ്റ്റേഷൻ, ഒതുക്കുങ്ങൽ എഫ്.എച്ച്.സി. കെട്ടിടം, വേങ്ങര എ.ഇ.ഒ ഓഫീസിന് കെട്ടിടം, വേങ്ങര തോട് നവീകരണം, കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണത്തിനും വേങ്ങര നിയോജക മണ്ഡലത്തിന് ഫണ്ട് നീക്കിവച്ചിട്ടുണ്ട്.

കൈനിറയെ പദ്ധതികളുമായി പൊന്നാനി

പൊന്നാനി: രണ്ടാം പിണറായി സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബഡ്ജറ്റിൽ കൈ നിറയെ പദ്ധതികളുമായി പൊന്നാനി മണ്ഡലം. 101 കോടിയുടെ മണ്ഡലം വികസന പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയത്. കൂടാതെ 41.5 കോടിയുടെ 5 തുറമുഖ വികസനത്തിലും, 10 കോടിയുടെ കോൾ വികസനത്തിലും പൊന്നാനി ഉൾപ്പെട്ടു. സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫീസുകൾക്കായി ആധുനിക സൗകര്യങ്ങളോടെ പുതിയ അനക്സ് കെട്ടിടം നിർമ്മിക്കാൻ 10 കോടി രൂപ വകയിരുത്തി. 5 തുറമുഖങ്ങളിലെ സുസ്ഥിരമായ ചരക്ക് നീക്കത്തിനും യാത്രാ സൗകര്യത്തിന്റെ അടിസ്ഥാന വികസനത്തിനുമായി 41.5 കോടി രൂപ വകയിരുത്തിയതിൽ പൊന്നാനിയും ഉൾപ്പെട്ടു. പൊന്നാനി ഉൾപ്പടെയുള്ള കോൾ കൃഷി മേഖലയുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് 10 കോടി ബ‌ഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയർ ഫിഷറീസ് കോംപ്ലക്സ് , പൊന്നാനി സിവിൽസ്റ്റേഷൻ മുതൽ ജിംറോഡ് വരെ വീതി കൂട്ടി വികസിപ്പിക്കൽ, ചങ്ങരംകുളം ടൗൺ റോഡ് വീതി കൂട്ടി വികസിപ്പിക്കലുംസൗന്ദര്യവത്കരണവും, ഗുരുവായൂർ ആൽത്തറ പൊന്നാനി റോഡ് വീതികൂട്ടലും ഉപരിതലം പുതുക്കലും ആലങ്കോട് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം, മാറഞ്ചേരി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം, വളയംകുളം പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് നവീകരണവും സൗകര്യങ്ങൾ മെച്ചപ്പെടുത്തലും, കടവനാട് ജി.എഫ്.യു.പി സ്‌കൂളിന് പുതിയ കെട്ടിട നിർമാണവും ഗ്രൗണ്ട് നിർമാണവും, ചെറുവായ്ക്കര ജി.യു.പി സ്‌കൂളിന് പുതിയ കെട്ടിട നിർമാണം, മാറഞ്ചേരി ഐ.ടി.ഐക്ക് സ്ഥലം വാങ്ങലും പുതിയ കെട്ടിട നിർമാണവും, ഐ.സി.എസ്.ആറിൽ ക്രിയേറ്റീവ് ഹബ് സ്ഥാപിക്കൽ,മൈനൊറിറ്റി കോച്ചിംഗ് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം,പന്താവൂർ കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കൽ എന്നീ പദ്ധതികളും ബഡ്ജറ്റിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ പൊന്നാനി കൂടി ഉൾപ്പെടുന്ന ലിറ്റററി സർക്യൂട്ടിന്റെ സമഗ്രവികസനത്തിന് 366 കോടിയാണ് വകയിരുത്തിയിട്ടുള്ളത് .

25 വിനോദ സഞ്ചാര ഹബ്ബുകൾക്കായി വകയിരുത്തിയ 362 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും. തീരദേശ പരിപാലനത്തിനായി വകയിരുത്തിയ 100 കോടിയിൽ ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെട്ട പൊന്നാനി മണ്ഡലത്തിനും കൂടി ഒരു വിഹിതം ലഭിക്കും. ഉൾനാടൻ കനാൽ പദ്ധതിക്കായി വകയിരുത്തിയ 76.55 കോടിയിൽ പൊന്നാനി മണ്ഡലത്തിനും കൂടി അർഹമായ ഒരു വിഹിതം ലഭിക്കും. വിവിധങ്ങളായ പദ്ധതികളിലൂടെ ഏകദേശം 125 കോടിയോളം രൂപയുടെ മണ്ഡല വികസന പദ്ധതികളാണ് പൊന്നാനിക്ക് ലഭിച്ചിട്ടുള്ളത്.

മലപ്പുറത്തിന് നിരാശ

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ മിക്ക പദ്ധതികളും ടോക്കൺ പ്രൊവിഷനായാണ് ഇടംപിടിച്ചത്. മലപ്പുറം എം.എസ്.പി സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് 40 ലക്ഷം,​ മൊറയൂർ അരിമ്പ്ര പൂക്കോട്ടൂർ റോഡ് ഒരു കോടി എന്നിങ്ങനെ വകയിരുത്തി. 19 പദ്ധതികൾ ടോക്കൺ പ്രൊവിഷനിഷൽ ഉൾപ്പെട്ടത്. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം രണ്ടാം ഘട്ടത്തിന് തുക അനുവദിക്കും.ഹാജിയാർ പള്ളി എടായിപ്പാലം റോഡ് ,​ പാലക്കാട് മോങ്ങം റോഡ്,​ മലപ്പുറം ഗവ. വനിതാ കോളേജ് കെട്ടിട നിർമാണം,​ വള്ളുവമ്പ്രം വളമംഗലം പൂക്കൊളത്തൂർ റോഡ്,​ ഇരുമ്പുഴി മേൽമുറി റോഡ്,​ പാലക്കത്തോട് കൂട്ടാവിൽ എളയൂർ റോഡ്,​ പാറമ്മൽ പറങ്കിമൂച്ചിക്കൽ റോഡ്,​

ആനക്കയം ഒരുവമ്പുറം റോഡ്,​ പള്ളിമുക്ക് കിഴിശ്ശേരി റോഡ്,​ വില്ലേജ്പടി ആരക്കോട് റോഡ്,​ കുന്നിക്കൽ വളയക്കോട് റോഡ്,​ മൊറയൂർ എടപ്പറമ്പ് കിഴിശ്ശേരി റോഡ്,​ മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡ്,​ ആനക്കയം പാലം പരിസരം നടപ്പാതയും ബാരിക്കേട് നിർമ്മാണവും,​ മലപ്പുറം മേൽമുറി വലിയ തോട് നവീകരണം,​ മലപ്പുറം ചരിത്ര മ്യൂസിയം ആൻഡ് സാംസ്‌കാരിക കേന്ദ്രം,​ മലപ്പുറം സിവിൽ സ്റ്റേഷനിൽ എജ്യുക്കേഷൻ കോംപ്ലക്സ് നിർമ്മാണം,​ മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യു ടവർ നിർമ്മാണം എന്നിവയാണ് ടോക്കൺ പ്രൊവിഷനിഷൽ ഉൾപ്പെട്ടത്.

മഞ്ചേരിക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോ

മഞ്ചേരി: ബ‌‌‌‌ഡ്‌ജറ്റിൽ മഞ്ചേരി മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. മഞ്ചേരിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കുന്നതിന് ഒരു കോടി രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ 18 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള തുക വകയിരുത്തി. മണ്ഡലത്തിലെ പതിനെട്ട് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി യിൽ നിന്നും 75 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ യു.എ ലത്തീഫ് എം.എൽ.എ അറിയിച്ചു.
കൊല്ലാരം റോഡ്, തരികുളം കപ്രാട് റോഡ്, അരീച്ചോല ചോലക്കൽ മുക്കം റോഡ്, വെട്ടിക്കാട്ടിരി ചാത്തങ്ങോട്ടുപുറം റോഡ്, മൈനർ ബസാർ കൊടക്കാടൻ കുന്ന് റോഡ്, ആക്ക ചോല ചേർക്കാകുളം റോഡ്, കൊളം കൊള്ളി നായക്കോടൻ റോഡ് കൊണ്ടിപറമ്പ് നല്ലൂർ റോഡ്, കുറ്റിപ്പുളി പള്ളിപ്പടി കരുവത്തിൽ കുന്ന് റോഡ്, യു.പി സ്‌കൂൾ ഒലിപ്പുഴ റോഡ്, പുല്ലൂർ ചെമ്മരം റോഡ് മൈലൂത്ത് പേലേപ്പുറം റോഡ് മദ്രസ പടി പാലത്തിൽ മുക്ക് റോഡ്, പുളിക്കൽ നിരവ് ആലുങ്ങൽ കള്ളി റോഡ് , പുല്ലുപറംബ് അത്തിക്കാടൻ പടി വി.സി.ബി റോഡ്, മഞ്ചുരുളി ചക്കരക്കാട് ജി.എം.എൽ.പി.എസ് അത്തിക്കുളം റോഡ്, പീടിക പടി കരുവമ്പാറ റോഡ് എന്നീ റോഡുകളുടെ സാങ്കേതിക അനുമതി ലഭ്യമായി ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തികൾ ആരംഭിക്കാനാവും. അതേസമയം മഞ്ചേരി ജനറൽ ആശുപത്രി,മ ലബാർ കൾച്ചർ അക്കാഡമി കെട്ടിടത്തിന്റെ നിർമ്മാണം, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്ക്, ജി.എൽ.പി.എസ് വായ്പാറപടി കെട്ടിട നിർമ്മാണം, നെല്ലിക്കുത്ത് പാലത്തിന്റെ പുനർനിർമ്മാണം, മഞ്ചേരി റവന്യൂ കോംപ്ലക്സ്, ജി.എൽ.പി.എസ് വെട്ടിക്കാട്ടിരി കെട്ടിട നിർമ്മാണം എന്നിവയ്ക്ക് ബഡ്ജറ്റിൽ ടോക്കൺ തുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

താനൂരിന് 15 കോടി

താനൂർ: ബ‌ഡ്‌ജറ്റിൽ താനൂരിന് ലഭിച്ചത് 15 കോടിയുടെ പദ്ധതികൾ. തിരൂർ പൊൻമുണ്ടം ബൈപാസ് (പൊറ്റിലത്തറ മീശപ്പടി റോഡ്) 10 കോടി, ദേവധാർ തയ്യാല റോഡ് ബൈപാസ് 3 കോടി, താനൂർ ഫയർഫോഴ്സ് കെട്ടിടം രണ്ടുകോടി എന്നിങ്ങനെയാണ് ബഡ്ജറ്റിൽ അനുമതിയായത്. താനൂർ ഇൻഡസ്ട്രിയൽ പാർക്ക്, താനൂർ നഗരസഭ ഓഫീസിന് കെട്ടിടം എന്നിവയ്ക്കും ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചു. വർഷങ്ങളായി ആഗ്രഹിക്കുന്ന പൊന്മുണ്ടം ബൈപാസ് പദ്ധതി ഇതോടെ യാഥാർത്ഥ്യമാവുകയാണ്. കാട്ടിലങ്ങാടിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡ് എന്ന നിലയിലാണ് തയ്യാല റോഡ് ദേവധാർ ബൈപ്പാസ് നിർമിക്കുന്നതിനായി 3 കോടി അനുവദിച്ചത്.
കഴിഞ്ഞ വർഷമാണ് താനൂർ കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ അനുവദിച്ചത്. കളരിപ്പടിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് താത്കാലികമായാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. താനൂരിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യപ്രകാരമാണ് ഫയർ സ്റ്റേഷൻ അനുവദിച്ചത്. സ്വന്തമായി കെട്ടിടവും ഒരുങ്ങുന്നതോടെ സേവനങ്ങളും വർദ്ധിക്കും.
മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി വഴി ഫ്ളാറ്റ്, നേരത്തെ അനുമതി ലഭിച്ച പൂരപ്പുഴ റഗുലേറ്റർ, ഉമൈത്താനകത്ത് കുഞ്ഞിക്കാദർ സ്മാരകം എന്നീ പദ്ധതികൾക്കും ടോക്കൺ അനുവദിച്ചു. ഒട്ടുംപുറം ടൂറിസം നവീകരണം, അഴിമുഖം പുഴവക്ക് നിർമ്മാണവും വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ, താനാളൂർ നരസിംഹമൂർത്തി ക്ഷേത്രം ബൈപാസ് റോഡ്, കനോലി കനാലിന് കുറുകെ ബദർപള്ളി കളരിപ്പടിയിൽ ഗതാഗത യോഗ്യമായ പാലം, വട്ടത്താണിയിൽ റെയിൽവേ മേൽപ്പാലം, പുതിയ കടപ്പുറം, കാളാട് പാലം തീരദേശ ലിങ്ക് റോഡ് തുടങ്ങിയ പദ്ധതികളും ബ‌‌‌ഡ്‌ജറ്റിൽ ടോക്കൺ നൽകിയിട്ടുണ്ട്.

ബഡ്‌ജറ്റിൽ അവഗണന
മലപ്പുറം: സംസ്ഥാന ബ‌ഡ്‌ജറ്റിൽ മലപ്പുറം ജില്ലയ്ക്ക് പൂർണ്ണ അവഗണനയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു.ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തിന് ആനുപാതികമായി ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. കൊവിഡും പ്രളയവും തകർത്ത ജീവിതത്തിന് ആശ്വാസം പകരാൻ പദ്ധതികൾ ഒന്നും മൂന്നോട്ടുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ചിരിക്കുന്ന ബ‌‌‌‌‌ഡ്‌ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ക്രമസമാധാനം തകർത്തവർ ലോകസമാധാനത്തിന് പണം മാറ്റിവയ്ക്കുന്നത് അങ്ങേയറ്റം വിരോധഭാസമാണെന്നും ജോയ് പറഞ്ഞു.