
മലപ്പുറം: ഹയർസെക്കന്ററിയിലെ ജോഗ്രഫി പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളൊരുങ്ങുന്നു. ജോഗ്രഫി വിഷയം പഠിപ്പിക്കുന്ന സർക്കാർ ഹയർസെക്കന്ററി,വി.എച്.സി.ഇ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ കാലാവസ്ഥ നിരീക്ഷണത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. ജില്ലയിൽ ജോഗ്രഫി പഠിപ്പിക്കുന്ന 17 സകൂളുകളെയാണ് ഇതിനായി സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. 14 സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിലും,മൂന്ന് വി.എച്ച്.എസ്.ഇ സ്കൂളുകളിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കുക. ഭാവിയിൽ കൂടുതൽ സാദ്ധ്യതകൾ പ്രതീക്ഷിക്കാവുന്ന ജോഗ്രഫി പഠനത്തിൽ സ്കൂൾ തലം തൊട്ട് തന്നെ കൂടുതൽ പരിശീലനം നൽകാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഉപകരിക്കും. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷ മർദ്ദം എന്നിവ നിരീക്ഷിക്കാനും അവ രേഖപ്പെടുത്തി വച്ച് കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ സാദ്ധ്യമാക്കാനും ഇതുമൂലം സാധിക്കും. ഇങ്ങനെ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പരിശീലനം ബിരുദതല ജോഗ്രഫി പഠനങ്ങൾക്ക് ഏറെ ഉപകാരപ്പെടുകയും ചെയ്യും. ഓരോ സ്കൂളിലും സ്ഥാപിക്കുന്ന സ്റ്റേഷനിൽ 13 വീതം ഉപകരണങ്ങളായിരിക്കും ഇതിനായി സജ്ജമാക്കുക. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വഴി വിദ്യാർത്ഥികൾ ശേഖരിച്ച വിവരങ്ങളെല്ലാം സ്കൂൾവിക്കിയിലും വിശദമായ രേഖകൾ മറ്റു വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഇതുവഴി പൊതുജനങ്ങൾക്കും കാലാവസ്ഥ വിശേഷങ്ങൾ അറിയാനാകും. 13,000 രൂപയാണ് ജില്ലയിലെ ഓരോ സ്കൂളിനുമായി പദ്ധതിയിൽ അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥികളെ ഇതിന്റെ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്നതിനായി അദ്ധ്യാപകർക്ക് പ്രതേക പരിശീലനവും എസ്.എസ്.കെയുടെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
സ്കൂളിൽ സ്ഥാപിക്കുന്ന പ്രധാന ഉപകരണങ്ങൾ
റെയിൻ ഗാരേജ്
വിന്റ് വേവ്
തെർമോമീറ്റർ
മോണിറ്റർ
വെതർ ഡാറ്റ ബാങ്ക്
ആകെ ഉപകരണങ്ങൾ 13
സ്ഥാപിക്കുന്ന സ്കൂളുകൾ
ഗവ.ജി.എച്ച്.എസ്.എസ് കോട്ടപ്പടി
ഗവ.എച്ച്.എസ്.എസ് പാണ്ടിക്കാട്
ഗവ.എം.എച്ച്.എസ്.എസ് പെരിന്തൽമണ്ണ
ഗവ.എച്ച്.എസ്.എസ് തിരൂരങ്ങാടി
ഗവ.ബോയ്സ് എച്ച്.എസ്.എസ് തിരൂർ
ഗവ.വി.എം.സി.എച്ച്..എസ്.എസ് വണ്ടൂർ
ഗവ.എച്ച്.എസ്.എസ് കുന്നക്കാവ്
ഗവ.എച്ച്.എസ്.എസ് തിരുവാലി
ഗവ.മോഡൽ എച്ച്.എസ്.എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി
ഗവ.എച്ച്.എസ്.എസ് കുഴിമണ്ണ
ഗവ.എച്ച്.എസ്.എസ് പൂക്കോട്ടൂർ
ഗവ.എച്ച്.എസ്.എസ് ആനമങ്ങാട്
ഗവ.എച്ച്.എസ്.എസ് വെട്ടത്തൂർ
ഗവവ.എച്ച്.എസ്.എസ് മലപ്പുറം
ഗവ.വി.എച്ച്.എസ്.എസ് പുല്ലത്തൂർ
ഗവ.മോഡൽ വി.എച്ച്.സി.ഇ വേങ്ങര
ജി.വി.എച്ച്.എസ്.എസ് കൽപ്പകഞ്ചേരി
ആവശ്യമായ ഉപകരണങ്ങളും മറ്റും വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. മാർച്ച് അവസാനത്തോടെ 17 സ്തൂളുകളിലും ഉപകരണങ്ങളെല്ലാം സജ്ജമാക്കി പ്രവർത്തനം ആരംഭിക്കാനാവും. അദ്ധ്യാപകർക്ക് പരിശീലനവും നൽകും.
എസ്.എസ്.കെ അധികൃതർ