thangal

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മു‌സ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിലപാടുകളും ഭാവിപ്രവ‌‌ർത്തനങ്ങളും കേരളകൗമുദിയുമായി പങ്കുവയ്ക്കുന്നു.

മുസ്‌ലിം ലീഗ് 74 -ാം വർഷത്തിലേക്ക് കടക്കുന്നു. പുതിയ അദ്ധ്യക്ഷനെന്ന നിലയിൽ പാ‌ർട്ടിയുടെ പ്രവ‌ർത്തനങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാവും കൊണ്ടുവരിക ?​


അധികാര കൈമാറ്റമെന്നത് പാരമ്പര്യത്തിന്റെ തുടർച്ചയാണ്. വ്യക്തിയ്ക്കല്ല,​ തായ്‌വഴിയെന്ന നിലയിലാണ് താൻ അദ്ധ്യക്ഷ സ്ഥാനമെത്തിയത്. കഴിഞ്ഞ കാലങ്ങളിൽ പാർട്ടി പുലർത്തിപോന്ന നിലപാടുകളുടെയും നയങ്ങളുടെയും തുടർച്ചയും ഒപ്പം പുതിയ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോവും. റമസാൻ കഴിയുന്നതോടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമാവും. പുതിയ കാലഘട്ടമെന്ന നിലയിൽ ഡിജിറ്റൽ മെമ്പർഷിപ്പാവും നൽകുക. ജനസമ്പർക്കമാണല്ലോ ഏതൊരു പാർട്ടിയുടെയും അടിസ്ഥാനം. കൊവിഡ് കാലത്ത് ജനസമ്പർക്കം ഉറപ്പുവരുത്താനുള്ള മാർഗം ഡിജിറ്റൽ മേഖലയാണ്. ഇതെത്ര കണ്ട് ഫലപ്രദമായി പ്രയോജനപ്പെടുത്താനാവുമോ അത്രയും ജനങ്ങളോടൊപ്പം ചേർന്നുനിൽക്കാനാവും. ലീഗ് ഇപ്പോൾ പരിമിതമായ വിധത്തിലാണെങ്കിലും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് എത്താനുള്ള സൈബർ വാർ റൂം സജ്ജീകരിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്.


നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടു. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും ?

തിരഞ്ഞെടുപ്പിലുണ്ടായ പരാജയം പാർട്ടി വളരെ ഗൗരവമായെടുത്തിട്ടുണ്ട്. തിരിച്ചടി നേരിട്ട മണ്ഡലങ്ങളിൽ അന്വേഷണ കമ്മിഷനുകളെ നിയോഗിച്ചു. ഇവർ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. പാർട്ടി ക്ലാസുകളുടെ അഭാവമാണ് വോട്ട് നഷ്ടപ്പെട്ടതിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്. മുമ്പ് പാർട്ടി ക്ലാസുകൾ സജീവമായിരുന്നു. സമീപകാലത്തായി വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. പൊതുയോഗങ്ങളും ഗാനമേളകളുമൊക്കെയായി പാർട്ടി പ്രവർത്തനം ആഘോഷ രൂപത്തിലാണ് പലപ്പോഴും നടന്നുകൊണ്ടിരുന്നത്. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുന്ന തരത്തിലുള്ള ക്ലാസുകളിലൂടെ മാത്രമേ പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയൂ. നോമ്പിന് ശേഷം പാർട്ടി ക്ലാസുകൾ തുടങ്ങും. കീഴ്ഘടകങ്ങൾ വേണ്ടത്ര സജീവമല്ലാത്ത തെക്കൻ ജില്ലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും. ആദ്യഘട്ടത്തിൽ യൂത്ത് ലീഗിന്റെ 500 യൂണിറ്റുകൾ സ്ഥാപിക്കും. ഈ മാസം 26 ന് ആലപ്പുഴയിൽ ഇതിന് തുടക്കമാവും.


ലീഗ് ഇടതുപക്ഷത്തേക്ക് പോവുമെന്ന പ്രചാരണം ശക്തമാണ് ?
ഈ പ്രചാരണം ലീഗ് കേന്ദ്രങ്ങളിൽ നിന്നല്ല ഉണ്ടായിട്ടുള്ളത്. മുന്നണി സംവിധാനത്തെ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശം വച്ചാണ് ഇതൊക്കെ ചെയ്യുന്നത്. ലീഗ് യു.ഡി.എഫിൽ അടിയുറച്ച് നിൽക്കും. പാർട്ടിയിൽ ഇന്നേവരെ ഇതുസംബന്ധിച്ച ചർച്ച നടന്നിട്ടില്ല.

സമസ്തയും ലീഗും തമ്മിലെ ഭിന്നത വലിയ ചർച്ചയായല്ലോ ?


ലീഗും സമസ്തയും യോജിച്ച് പോവുന്നത് ഇഷ്ടപ്പെടാത്ത ചില തത്പര കക്ഷികളാണ് ഈ പ്രചാരണത്തിന് പിന്നിൽ. ഇരുസംഘടനകളുടെയും നേതാക്കൾ ഇതു നിഷേധിച്ചിട്ടുണ്ട്. ലീഗിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നല്ല സഹകരണമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നൽകാറുള്ളത്. ലീഗും സമസ്തയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണ്. അതിൽ വിള്ളൽ വീഴ്ത്താൻ ലീഗോ, സമസ്തയോ ആഗ്രഹിക്കുന്നില്ല.

വഖഫ് നിയമന ചർച്ചയിൽ സർക്കാർ സമസ്തയെ വഞ്ചിച്ചോ?


വഖഫ് നിയമനം പി.എസ്.സിക്ക് വിടണമെന്ന തീരുമാനമെടുത്തത് നിയമസഭയിലാണ്. ലീഗ് ആവശ്യപ്പെട്ടത് നിയമസഭയിൽ തന്നെ ഇത് തിരുത്തണമെന്നാണ്. വഖഫിൽ സമസ്തയുമായും മറ്റ് മുസ്‌ലിം സംഘടനകളുമായും ചർച്ചകൾ നടത്തുമെന്ന് പറഞ്ഞ സർക്കാർ അവരെ വഞ്ചിക്കുന്ന നിലപാടാണെടുത്തത്. വീണ്ടും പ്രക്ഷോഭവുമായി മുന്നോട്ടുപോവും. ഈമാസം 17 ന് നിയമസഭ മാർച്ച് നടത്തും.

ദേശീയതലത്തിൽ കോൺഗ്രസിന്റെ സാദ്ധ്യതകൾ മങ്ങുകയാണോ ?

തിരഞ്ഞെടുപ്പ് വലിയൊരു പാഠമാണ് രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. ഫാസിസ്റ്റ് ശക്തികളേക്കാൾ എണ്ണം കൊണ്ടും വണ്ണം കൊണ്ടും മുന്നിൽ നിൽക്കുന്ന മതേതര കക്ഷികളുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് പോലും ഇവർ യോജിക്കുന്നില്ല. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകൾ ഒരേപെട്ടിയിൽ വീഴാത്തതാണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നത്. വോട്ടിംഗ് പാറ്റേൺ പരിശോധിച്ചാൽ ബി.ജെ.പിക്ക് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടിംഗ് ശതമാനം മതേതര കക്ഷികൾക്കാണ്. വ്യത്യസ്ത പെട്ടികളിൽ വീഴുന്നത് കൊണ്ടാണ് ഈ കരുത്ത് പ്രയോജനപ്പെടാത്തത്. കോൺഗ്രസ് തന്നെയാണ് മതേതര കക്ഷികളുടെ ഐക്യത്തിന് വേണ്ടി കൂടുതൽ പരിശ്രമിക്കേണ്ടത്. അവരത് നിർവഹിക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ രക്ഷപ്പെടുത്താനാവൂ.

രാഹുൽഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന വികാരം ലീഗിനുണ്ടോ ?

നേതൃസ്ഥാനത്ത് രാഹുൽഗാന്ധി വേണോ, മറ്റാരെങ്കിലുമാകണോ എന്നത് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ബഹുമുഖ പ്രതിഭകളായ നേതാക്കൾ ധാരാളമുള്ള പാർട്ടിയാണ് കോൺഗ്രസ്. അവരെയൊക്കെ പ്രയോജനപ്പെടുത്തി മുന്നോട്ടുപോയാൽ ഇനിയും കോൺഗ്രസിന് നേട്ടങ്ങളുണ്ടാക്കാം.


സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി വിമർശനമുണ്ടല്ലോ ?

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടാറില്ല. അതേസമയം വീഴ്ചപറ്റുമ്പോൾ വേഗത്തിൽ തിരുത്താൻ കോൺഗ്രസ് തയ്യാറാവാറുണ്ട്. സംസ്ഥാനത്ത് നേതൃമാറ്റമൊക്കെ വളരെ ഈസിയായി നടപ്പാക്കിയല്ലോ. കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തിലെല്ലാം ഇതുകാണാം. ഇനിയും ആ രീതിയിലുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോയാൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താനാവും എന്നാണ് ലീഗിന്റെ പ്രതീക്ഷ.

യു.ഡി.എഫ് പ്രവർത്തന ശൈലി മാറ്റേണ്ടതുണ്ടോ ?
അധികാരത്തിൽ തിരിച്ചുവരികയെന്നതാണ് യു.ഡി.എഫിന് മുന്നിലെ വലിയ വെല്ലുവിളിയും ലക്ഷ്യവും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആർജ്ജവത്തോടെയുള്ള പ്രവർത്തനം കോൺഗ്രസ് കാഴ്ചവയ്ക്കുന്നുണ്ട്. ഘടകകക്ഷികളെല്ലാം ഒരുമിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ തയ്യാറായാൽ വീണ്ടും കേരളത്തിൽ അധികാരത്തിലെത്താം. യു.ഡി.എഫിൽ കക്ഷികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. നേരത്തെ മുന്നണിയിലുണ്ടായിരുന്നവർ വിട്ടുപോയതിന്റെ സാഹചര്യം പുനഃപരിശോധിച്ച് അവരെ തിരിച്ചെടുക്കാനുള്ള ചർച്ചകൾ അനിവാര്യമാണ്.

കേരള കോൺഗ്രസിനെ(എം)​ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായം ലീഗിനുണ്ടോ?
യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ പ്രവർത്തിച്ച നേതൃനിരയിലെ പ്രധാനിയായിരുന്നു കെ.എം.മാണി. അദ്ദേഹത്തിന്റെ പാർട്ടിയെ വീണ്ടും യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിൽ ലീഗിന് യാതൊരു ബുദ്ധിമുട്ടുകളുമില്ല. സമാനചിന്താഗതിക്കാരായ മതേതര കക്ഷികളെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരണം.

മുൻ ഹരിത ഭാരവാഹികൾക്കെതിരായ നടപടിയിൽ മാറ്റമുണ്ടാവുമോ?


ഹരിതയെ പിരിച്ചുവിട്ടിട്ടില്ല. വിവാദത്തിൽ ഉൾപ്പെട്ടവരെ സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു കമ്മിറ്റിയെ വച്ചു എന്നേയുള്ളൂ. മുൻ ഹരിത ഭാരവാഹികൾ ലീഗിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പറയാൻ മടിക്കുന്ന അണികളോ കേൾക്കാൻ മടിക്കുന്ന നേതൃത്വമോ അല്ല ലീഗിനുള്ളത്. ഉൾപാർട്ടി ജനാധിപത്യത്തിന് ലീഗ് വളരെ വിലമതിക്കുന്നുണ്ട്. പാർട്ടിയോട് പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ പറയുമ്പോൾ അത് ശ്രദ്ധിക്കാൻ നേതൃത്വം തയ്യാറാവും.