പൊന്നാനി: കപ്പലടുത്തിരുന്ന പഴയ പൊന്നാനി തുറമുഖത്തെ യാഥാർത്ഥ്യമാക്കാൻ സർക്കാർ വീണ്ടുമിറങ്ങുന്നു. വാണിജ്യ വ്യാപാര മേഖലയിൽ കുതിച്ചു ചാട്ടത്തിന് സാധ്യത തുറന്നുവെക്കുന്ന പൊന്നാനി വാണിജ്യ തുറമുഖ പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തി. ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങൾക്കൊപ്പം പൊന്നാനിയേയും ഉൾപ്പെടുത്തി 41.5 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചതോടെ പൊന്നാനി തുറമുഖം വീണ്ടും ചർച്ചയാകുകയാണ്.
പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഹാർബർ എന്നതിൽ നിന്നു മാറി സർക്കാർ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്. പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നേരത്തെ നടപ്പാക്കാൻ തീരുമാനിച്ച പൊന്നാനി തുറമുഖ പദ്ധതി കരാറുകാരുടെ പിടിപ്പുകേടാൽ അനിശ്ചിതാവസ്ഥയിലായതോടെയാണ് പദ്ധതി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചത്.
കരാർ കാലാവധി പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടം പോലും പിന്നിടാത്ത സാഹചര്യത്തിൽ വാണിജ്യ തുറമുഖവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാൻ ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു തന്നെ തീരുമാനിച്ചിരുന്നു. നിലവിൽ കരാർ ഏറ്റെടുത്ത കമ്പനിയെ ഒഴിവാക്കുന്നതിന് നിയമപരമായ കാര്യങ്ങൾ നടപ്പാക്കുന്നതിനും, പുതിയ സാഹചര്യത്തിൽ വിശദമായ സാധ്യതാപഠനം നടത്തുന്നതിനും പോർട് ഡയറക്ടർ എസ്. വെങ്കടേശപതിയെ അന്ന് ചുമതലപ്പെടുത്തിയിരുന്നു. എക്സ്പ്രഷൻ ഒഫ് ഇന്ററസ്റ്റ് ക്ഷണിച്ച് സർക്കാറിന്റെ കൂടുതൽ ഓഹരി പങ്കാളിത്തത്തോടെ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരിക്കുന്ന കാര്യം പരിഗണിക്കാനും ഇക്കാര്യത്തിൽ പ്രീ ബിൽഡ് മീറ്റിംഗ് ചേരുന്നതിനും തീരുമാനമെടുത്തിരുന്നു.
തുറമുഖത്തിന്റെ നിർമ്മാണവും നടത്തിപ്പും ഉൾപ്പെടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഓഹരി നൽകാൻ തയ്യാറുള്ളവരുടെ ആലോചനാ യോഗം ആദ്യഘട്ടത്തിൽ നടത്താനും തുറമുഖത്തിനായി ഉന്നതതല സമിതിയെ നിയോഗിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് മൂലം ഇതൊന്നും സാധ്യമായില്ല. പുതിയ സാഹചര്യത്തിൽ ഈ തീരുമാനങ്ങളൊക്കെയും പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ ആലോചിക്കുന്നത്.
എങ്ങുമെത്താതെ നിർമ്മാണം
സ്വിസ് ചാലഞ്ച് രീതിയിൽ പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെയാണ് പൊന്നാനി കാർഗോ പോർട് നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. നിർമ്മാണ ചുമതലയും നടത്തിപ്പും ഒരോ കമ്പനിക്ക് നൽകുന്ന രീതിയാണിത്. 35 വർഷം തുറമുഖം നടത്താനും ശേഷം സർക്കാറിന് തിരിച്ചേൽപ്പിക്കാനുമായിരുന്നു കരാർ. 2019 ആഗസ്റ്റോടെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. രണ്ട് ഘട്ടങ്ങളിലായി 1500 കോടി രൂപയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ആയിര അഞ്ഞൂറ് മീറ്റർ വിസ്തീർണ്ണമുള്ള അപ്രോച്ച് ബണ്ടിന്റെ നിർമ്മാണമാണ് ആരംഭിച്ചത്. മൂന്ന് വർഷത്തിനിടെ ബണ്ടിന്റെ നൂറ് മീറ്റർ ഭാഗം മാത്രമാണ് പൂർത്തിയാക്കാനായത്. നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥക്കെതിരെ പലവട്ടം സർക്കാർ ഇടപെടുകയും കാരാറുകാർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വിവിധ കാരണങ്ങളാണ് നിർമ്മാണം നീളുന്നതിനായി കരാറുകാർ മുന്നോട്ടുവെച്ചിരുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടുകയും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കരാറുകാർ നിസ്സംഗത തുടരുന്ന സാഹചര്യത്തിലാണ് പുതിയ വഴികൾ തേടാൻ സർക്കാർ നിർബന്ധിതമായത്.
കടമ്പയേറെ
പദ്ധതി ആരംഭിക്കണമെങ്കിൽ പൂർത്തിയാക്കേണ്ട സാങ്കേതിക നടപടി ക്രമങ്ങൾ ഏറെയാണ്. സാധ്യതാ പഠനം മുതൽ പരിസ്ഥിതി ആഘാത പഠനം വരെയുള്ള വിവിധ ഘട്ടങ്ങൾ പിന്നിടണം. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമാക്കണം.