malappuram
വെള്ളം കുറഞ്ഞതോടെ അടച്ചിട്ട വെ​ഞ്ചാ​ലി​ ​പ​മ്പ് ​ഹൗ​സ് ​വി.​സി.​ബി​ ​

തിരുരങ്ങാടി: വേനൽ കടുത്തതോടെ നന്നമ്പ്ര,​ തിരൂരങ്ങാടി ഭാഗത്തെ 500 ഹെക്ടറോളം നെൽകൃഷി വരൾച്ചാ ഭീഷണിയിൽ. കടലുണ്ടി പുഴയിൽ നിന്നും വെഞ്ചാലി പാടത്തേക്ക് വരുന്ന തോട് ചളിയും മണ്ണും നിറ‍ഞ്ഞ് പലയിടങ്ങളിലും അടഞ്ഞ് കിടക്കുകയാണ്. വേനൽ കടുത്തതോടെ തോടിലൂടെയുള്ള നീരൊഴുക്ക് നിലച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി വേങ്ങര ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടർ തുറയ്ക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഷട്ടർ തുറക്കുന്നതോടെ പുഴയിൽ ജലവിതാനതോത് ഉയരും. ഈ സമയത്ത് തോടിലൂടെയുള്ള നീരൊഴുക്കും വർദ്ധിക്കും. എന്നാൽ വെള്ളം തുറന്നുവിടാൻ വേങ്ങര പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ല. തോട് വൃത്തിയാക്കണമെന്ന് വർഷങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. വെള്ളമില്ലാത്തതിനാൽ ഇവിടങ്ങളിൽ ഏക്കർ കണക്കിന് നെൽപ്പാടങ്ങൾ തരിശിട്ടിട്ടുണ്ട്.

തിരുരങ്ങാടി നഗരസഭയുടെയും വേങ്ങര പഞ്ചയത്തിന്റെയും അതിര് പങ്കിടുന്ന കടലുണ്ടി പുഴയിലെ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടർ തുറക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ജനപ്രതിനിധികളെയും ജില്ലാ കളക്ടറെയും പലവട്ടം സമീപിച്ചിരുന്നു. ജലനിധി പദ്ധതിക്ക് വേണ്ടിയാണ് റെഗുലേറ്റർ നിർമ്മിച്ചതെന്നും വെള്ളം തുറന്നുവിടാൻ പറ്റില്ലെന്നുമാണ് വേങ്ങര പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്. പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ മുൻകൈയെടുത്ത് 50 കോടി രൂപ ചെലവിലാണ് റെഗുലേറ്റർ നിർമ്മിച്ചത്. കഴിഞ്ഞ ദിവസം പി.കെ.കുഞ്ഞാലികുട്ടിയുടെയും കെ.പി.എ.മജീദ് എം.എം.എൽ.എയുടെയും നേതൃത്വത്തിൽ വേങ്ങര പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ ഉൾപ്പെെടുത്തി കളക്ടറേറ്റിൽ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഷട്ടർ തുറക്കുന്നതിൽ വേങ്ങര പഞ്ചായത്ത് ഭരണസമിതി ശക്തമായി എതിർക്കുകയായിരുന്നു.

ചെമ്മാട് വെഞ്ചാലിയിൽ ജലസേചന വകുപ്പിന്റെ ലിഫ്റ്റ് ഇറിഗേഷൻ കം റിക്ലമേഷൻ സ്‌കിം ഇവിടെ വർഷങ്ങളിലായി പ്രവർത്തിച്ചുവരുന്നുണ്ട്. രവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും, രാത്രി ഒമ്പത് മുതൽ രാവിലെ ഏഴ് മണി വരെയും രണ്ട് മോട്ടോറുകൾ പ്രവർത്തിക്കുന്നുണ്ട്. പുഴയിൽ നിന്നും വരുന്ന വെള്ളം കെട്ടി നിർത്താൻ വി.സി.ബി ഉണ്ടെങ്കിലും ശേഷിക്കുറവ് മൂലം കൂടുതൽ വെള്ളം ശേഖരിക്കാൻ കഴിയുന്നില്ല. ജില്ലയിൽ തന്നെ ഏറ്റവും കുടുതൽ ക്യഷി ഇറക്കുന്ന പ്രദേശങ്ങളാണ് ചെമ്മാട്, ചെറുമുക്ക് കക്കാട്, തിരൂരങ്ങാടി, കൊടിഞ്ഞി എന്നിവ. ഇവിടങ്ങളിലെ തോടുകളിൽ വി.സി.ബി ഇല്ലാത്തതിനാൽ കർഷകരുടെ സ്വന്തം ചിലവിൽ ക്വാറി വേസ്റ്റ് ചാക്കിൽ നിറച്ചാണ് വെള്ളം കെട്ടിനിറുത്തുന്നത്.