d
പൊന്നാനി കടപ്പുറം

പൊന്നാനി: ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തേടി പൊന്നാനി കടപ്പുറത്തെ മൊഞ്ചുള്ളതാക്കാൻ പദ്ധതി ഒരുങ്ങുന്നു. പുഴയോരത്തും കായലോരത്തുമായി സാദ്ധ്യമാക്കപ്പെട്ട ടൂറിസം പദ്ധതികളുടെ തുടർച്ചയെന്നോണം പൊന്നാനി കടപ്പുറത്ത് ടൂറിസം സാധ്യതകൾ തേടുകയാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ വിദഗ്ദരുമായി ആലോചന നടത്തുമെന്ന് പി.നന്ദകുമാർ എം.എൽ.എ പറഞ്ഞു. യാതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും നിരവധി പേരാണ് പൊന്നാനി കടപ്പുറത്തേക്ക് സന്ദർശകരായെത്തുന്നത്. വളരെ വിശാലമായ കടൽ തീരമാണ് പൊന്നാനിയുടേത്. സന്ദർശകരെ ആകർഷകമാക്കുന്ന തരത്തിൽ കടൽ തീരമൊരുക്കിയാൽ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ബീച്ച് ടൂറിസം കേന്ദ്രമായി പൊന്നാനി മാറുമെന്ന് ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

സന്ദർശകരെ ആകർഷിപ്പിക്കുന്ന മനോഹരമായ പ്രകൃതി കാഴ്ചകളും, ബോട്ട് സവാരിയും, ലൈറ്റ് ഹൗസും ഇവിടെയുണ്ട് . ഇതിന് പുറമെ ദേശാടനക്കിളികളുടെ താവളം കൂടിയാണ് പൊന്നാനി കടപ്പുറം. പുതുതായി ആരംഭിക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയം, ബിയ്യം കായൽ, കർമ്മ റോഡ് എന്നിവിടങ്ങളിലെ ടൂറിസം മുന്നേറ്റം, അഴിമുഖത്തിന് കുറുകെ വരാനിരിക്കുന്ന സസ്‌പെൻഷൻ ബ്രിഡ്ജ് എന്നിവ പൊന്നാനിയിലെ ബിച്ച് ടൂറിസം സാധ്യതകൾക്ക് കരുത്ത് പകരുന്നതാണെന്ന് പഠനം പറയുന്നു.

വൻ സാദ്ധ്യതകളുള്ള പൊന്നാനി ബീച്ചിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിപ്പിച്ച് വരുമാനമാർഗമാക്കി മാറ്റാൻ ടൂറിസം വകുപ്പ് നേരത്തെ ആലോചിച്ചിരുന്നു. നീന്താനും, മീൻ പിടിക്കാനും, ഫോട്ടോ ഗ്രാഫിക്കും ഏറെ സാധ്യതകളുള്ള തീരമാണ് പൊന്നാനി ബീച്ച്. ലൈറ്റ് ഹൗസിന്റെ രണ്ട് വശത്തേക്കും വിശാലമായ കടൽ തീരമുണ്ട്. ഇവിടത്തെ തീരം സംരക്ഷിച്ച് സന്ദർശകരെ ആകർഷിക്കാവുന്ന തരത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കാവുന്നതാണ്.

ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തുള്ള കടൽ തീരത്തേക്കാണ് നിലവിൽ സന്ദർശകരെത്തുന്നത്. ഇവിടെ മുപ്പതേക്കറോളം സർക്കാർ ഭൂമിയുണ്ട്. പൂർണ്ണമായും സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്ന കാർഗോ പോർടിനായി ഈ സ്ഥലം കൈമാറിയിരുന്നു. ഈ കരാറിൽ നിന്ന് സർക്കാർ പിൻവാങ്ങുന്ന സാഹചര്യത്തിൽ ഭൂമി തിരിച്ചു ലഭിക്കും. ഇതുകൂടി ഉപയോഗപ്പെടുത്തിയായിരിക്കും ബീച്ച് ടൂറിസത്തിനുള്ള പദ്ധതി തയ്യാറാക്കുക.

നേരത്തെ പൊന്നാനി കടപ്പുറം സൗന്ദര്യവത്ക്കരിക്കാനും വിപുലമായ ചിൽഡ്രൻസ് പാർക്ക് ഒരുക്കുവാനും ആലോചനകൾ നടന്നിരുന്നു. ഇതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നു. ഈ സമയത്താണ് കാർഗോ പോർടിനായി ഭൂമി വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായത്. ഇത് വേണ്ടെന്നുവെച്ച സാഹചര്യത്തിലാണ് ബീച്ച് ടൂറിസത്തിന്റെ സാദ്ധ്യതകളിലേക്ക് ചർച്ചകൾ സജീവമാകുന്നത്.