arrest
അറസ്റ്റ്

എടപ്പാൾ: ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവിനെ പൊന്നാനി റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. നന്നംമുക്ക് അയിനിചോട് നിന്ന് ചങ്ങരംകുളം ആലംങ്കോട് സ്വദേശി നടവരമ്പത്ത് ശ്രീജിത്തിനെയാണ് കഞ്ചാവുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ പൊന്നാനി റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. മേഖലയിലെ സ്‌കൂളുകളും മറ്റും കേന്ദ്രീകരിച്ച് ശ്രീജിത്ത് കഞ്ചാവ് വിൽപ്പന നടത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എക്‌സൈസ് പൊന്നാനി റേഞ്ച് ഇൻസ്‌പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിൽ പ്രിവന്റ്യൂ ഓഫീസർ വി.ആർ രാജേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.പി. പ്രമോദ്, കെ.അനൂപ്, ജെ.ഒ.ജെറിൻ, എ.എസ്. ശരത്ത്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി.എ. ദിവ്യാ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയ്യാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കുമെന്നും റേഞ്ച് ഇൻസ്‌പെക്ടർ ഇ. ജിനീഷ് അറിയിച്ചു.