 
മലപ്പുറം: കോഴിക്കടയിലേയും മീൻ കടയിലേയും ദുർഗന്ധമെത്താത്ത ക്ലാസ് മുറികൾ, അടച്ചുറപ്പുള്ള വാതിലുകൾ, വൃത്തിയുള്ള ഒരു ടോയിലറ്റ്, ആവശ്യത്തിന് സ്ഥലമുള്ള ഒരുക്യാമ്പസ് ഇത്രയെങ്കിലും സൗകര്യമുള്ള ഒരുകലാലയമാണ് വർഷങ്ങളായി താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വപ്നം കാണുന്നത്. ആരംഭിച്ച് വർഷം ഒമ്പത് കഴിഞ്ഞിട്ടും സ്വന്തമായി ഭൂമി പോലും കോളേജിന് അനുവദിച്ച് കിട്ടിയിട്ടില്ല. കോളേജ് യൂണിയൻ സമരങ്ങളും മറ്റും നടക്കുന്നുണ്ടെങ്കിലും ഫലമില്ലെന്നാണ് വിദ്യാർത്ഥികളും പറയുന്നത്.
2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് താനൂർ ഗവ.കോളേജ് നിലവിൽ വന്നത്. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുക്കുമെന്ന വാഗ്ദാനം ഒമ്പത് വർഷങ്ങൾക്കിപ്പുറവും പാഴ്വാക്കായി തുടരുകയാണ്. ഒഴൂർ പഞ്ചായത്തിൽ കോളേജ് നിർമ്മിക്കാനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് പറയുന്നതല്ലാതെ കെട്ടിടം നിർമ്മിക്കാനുള്ള യാതൊരു ആലോചനയും നടക്കുന്നില്ലെന്ന് വിദ്യാർത്ഥി സംഘടനകളും ആരോപിക്കുന്നു. വർഷങ്ങളായി താനൂർ പുത്തൻതെരുവിലുള്ള ഐ.ടി.ഐ കെട്ടിടത്തിലും അങ്ങാടിയിലെ കോഴിക്കടയ്ക്കും, മീൻകടയ്ക്കും മുകളിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലുമാണ് 600ഓളം വിദ്യാർത്ഥികളുടെ ബിരുദപഠനം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ താനൂർ ഗവ.കോളേജ് എന്ന പേര് മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്. സർവകലാശാല അഫിലിയേഷൻ ലഭിച്ചത് കൊണ്ട് അങ്ങാടിയിലെ ഏതെങ്കിലും കെട്ടിടത്തിലിരുന്ന് പഠിച്ചാലും കുഴപ്പമില്ലെന്ന മട്ടിലാണ് സർക്കാർ സംവിധാനങ്ങൾ. പഠിക്കുന്നവരിൽ ഭൂരിപക്ഷവും പെൺകുട്ടികളുമാണ്. നല്ല പഠനാന്തരീക്ഷമെന്ന തങ്ങളുടെ സ്വപ്നം പുലരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.
അയ്യേ..നാറിയിട്ടു വയ്യ
അറുന്നൂറോളം വിദ്യാർത്ഥികളുള്ള കോളേജിപ്പോൾ മൂന്ന് കെട്ടിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. അങ്ങാടിയിലെ കോഴിക്കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലാണ് കുറച്ച് ക്ലാസ് മുറികളുള്ളത്. താഴെ കോഴിക്കടയിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസിലിരിക്കേണ്ട സ്ഥിതിയാണ്. അദ്ധ്യാപകർ മൂക്ക് പൊത്തിപിടിച്ച് ക്ലാസെടുത്താലും അത്ഭുതമൊന്നുമില്ല. ശീലമായതു കൊണ്ട് ദുർഗന്ധം തന്നെ മറന്നുപോയവരും വിദ്യാർത്ഥികൾക്കിടയിലുണ്ട്. ആൺകുട്ടികൾക്ക് ടോയിലെറ്റുണ്ടെങ്കിലും വൃത്തിഹീനമായി കിടക്കുകയാണ്. അകത്തുകയറി കാര്യം സാധിക്കണമെങ്കിൽ മൂക്ക് പൊത്തിപിടിക്കണമെന്നു മാത്രം. ക്ലാസ് മുറികളുടെ പരിമിതി മൂലം ഒരു ക്ലാസ് റൂം മൂന്നായി ഭാഗിച്ചാണ് പഠനം നത്തുന്നത്. ഒരേ സമയം ക്ലാസുകൾ നടക്കുന്നതിനാൽ ബഹളം കാരണം പഠിപ്പിക്കുന്നതൊന്നും മനസിലാവുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
വാടക കൊടുക്കാനാണ് വിധി
ഹോസ്റ്റൽ സൗകര്യമില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഗവ.കോളേജായതിനാൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച് വിവിധ ജില്ലകളിൽ നിന്ന് പഠിക്കാനെത്തിയ വിദ്യാർത്ഥികളും ഇവിടെയുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളടക്കം സ്വന്തമായി വാടക റൂമെടുത്താണ് ഇവിടെ കഴിയുന്നത്. ഗവ.കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടും മൂന്ന് വർഷം റൂമിന്റെ വാടകയും കൊടുത്ത് പഠനം പൂർത്തിയാക്കാനാണ് വിദ്യാർത്ഥികളുടെ വിധി.
കോഴ്സാണ് പ്രധാനം
പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അടിസ്ഥാനത്തിൽ ഇവിടെ അഡ്മിഷൻ ലഭിച്ചിട്ടുള്ളത്. ജില്ലയിലെ ഗവ.കോളേജുകളിൽ അപൂർവമായി മാത്രമുള്ള കോഴ്സുകൾ താനൂർ ഗവ.കോളേജിലുണ്ടെന്നുള്ളതാണ് അഡ്മിഷനെടുക്കാനുള്ള കാരണം. ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.സി.എ, ബി.കോം, ബി.ബി.എ, ഇന്റഗ്രേറ്റഡ് എം.എ മലയാളം തുടങ്ങിയ കോഴ്സുകളാണ് കോളേജിലുള്ളത്. ഇതിൽ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.സി.എ തുടങ്ങിയ കോഴ്സുകൾ ജില്ലയിൽ അപൂർവം കോളേജുകളിൽ മാത്രമേയൊള്ളു. പിന്നെയുള്ളത് സെൽഫ് ഫിനാൻസിംഗ് കോളേജുകളിലാണ്. അവിടെയുള്ള സെമസ്റ്റർ ഫീസ് താങ്ങാൻ പറ്റാത്തതാണ് ഗവ.കോളേജിലെ അഡ്മിഷനായി വിദ്യാർത്ഥികൾ മത്സരിക്കുന്നത്.
നിലവിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ വലിയ പ്രയാസങ്ങളുണ്ട്. അതിന് പരിഹാരം വേണം. കോളേജിനായി ഒഴൂരിൽ ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഇതിനായി 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാവുമെന്നാണ് പ്രതീക്ഷ
പി. അഷ്ക്കറലി
പ്രിൻസിപ്പൽ, താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്