
മലപ്പുറം: ജില്ലയിലെ പഞ്ചായത്തുകളിലെ വാർഡുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ആദ്യഘട്ടം കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആരംഭിക്കും. ഒരോ ഗ്രാമപഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കുകയും നിർമിക്കുന്ന സ്വാശ്രയ ഉത്പന്നങ്ങൾ ഹോംഷോപ്പ് വഴി വിപണനം നടത്തുന്നതുമാണ് പദ്ധതി. പദ്ധതിയിലൂടെ 1500-ഓളം വനിതകൾക്ക് ആദ്യഘട്ടത്തിൽ തൊഴിൽ നൽകാനാകും. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ വാഴക്കാട് ഒഴികെയുള്ള ആറ് പഞ്ചായത്തുകളിലും അരീക്കോട് ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തിലുമാണ് ഒന്നാം ഘട്ടം നടപ്പിലാക്കുന്നത്. കൊണ്ടോട്ടി ബ്ലോക്ക് തല ഉദ്ഘാടനം മാർച്ച് 19ന് ചെറുകാവ് പി.വി.സി ഓഡിറ്റോറിയത്തിൽ ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബ്ദുള്ള കോയ, പ്രോഗ്രാം കോ ഓർഡിനേറ്റർ പി. റിനീഷ് തുടങ്ങിയവർ പങ്കെടുത്തു.