d
പരപ്പനങ്ങാടി പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകൾ സംബന്ധിച്ച് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുന്നു

തിരുരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകൾ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ളാറ്റ് രൂപത്തിൽ പുതുക്കിപ്പണിയുന്നതിന് തീരുമാനിച്ചു. കെ.പി.എ മജീദ് എം.എൽ.എയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനാവശ്യമായ പ്ലാനും മറ്റു കാര്യങ്ങളും ചർച്ച ചെയ്ത് തയ്യാറാക്കുന്നതിന് യോഗം ചേരുന്നതിനും തീരുമാനിച്ചു.

നിലവിൽ ഇരുപത് ഇരട്ട വീടുകളിലായി നാല്പത് കുടുംബങ്ങളാണ് ഇരട്ട വീടുകളിൽ താമസിക്കുന്നത്. വേറെയും കുടുംബങ്ങൾ ഈ കോളനിയിൽ താമസിക്കുന്നുണ്ട്. ഫ്ളാറ്റ് സംവിധാനത്തിലുള്ള താമസ സമുച്ചയമാണ് നിർമ്മിക്കുക. ബാക്കി വരുന്ന സ്ഥലത്ത് ആവശ്യമായ മറ്റു സൗകര്യങ്ങൾ കൂടി ഒരുക്കും. 1.96 ഏക്കർ സ്ഥലമാണ് നിലവിലുള്ളത്. ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തും.
യോഗത്തിൽ പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ എ. ഉസ്മാൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ചിത്ര, ഹാർബർ സൂപ്രന്റിംഗ് എൻജിനിയർ മമ്മു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാഹുൽ ഹമീദ്, ഉമ്മർ ഒട്ടുമ്മൽ, ടി.കെ നാസർ മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു.