 
പൊന്നാനി: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. നിലവിൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഇരുവശങ്ങളിലും പതിനൊന്നര മീറ്റർ ആഴത്തിൽ ഷീറ്റ് ഇറക്കി ചോർച്ച തടയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തൂത്തുക്കുടിയിൽ നിന്നും എത്തിച്ച വൈബ്രേറ്റിംഗ് യന്ത്രത്തിന്റെ സഹായത്തോടെയാണ് ഷീറ്റ് പൈലിംഗ് പ്രവൃത്തി. ഷീറ്റിന് മേൽ ഹാമർ ഘടിപ്പിച്ച് വൈബ്രേറ്റർ യന്ത്രത്തിന്റെ സഹായത്തോടെ ഷീറ്റുകൾ പതിയെ മണ്ണിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. നിലവിൽ 38 ഷീറ്റുകൾ ഇറക്കി കഴിഞ്ഞു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഷീറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പുഴയിലെ വെള്ളം കുറഞ്ഞതിനാൽ ഒരുമാസം മുമ്പാണ് ചോർച്ചയടക്കൽ പ്രവൃത്തി തുടങ്ങിയത്. പുഴയിലെ ജലനിരപ്പ് വളരെ അധികം താഴ്ന്നതിനാൽ കഴിയുന്നത്ര വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമം.