d
നെ​ടു​വ​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​സ്ഥലത്ത് കാട് മൂടിയ നിലയിൽ

പരപ്പനങ്ങാടി: പൊട്ടിപൊളിഞ്ഞ ക്വാർട്ടേഴ്സുകൾ, കാടുമൂടി കിടക്കുന്ന പരിസര പ്രദേശം, തേരട്ട മുതൽ മൂർഖൻ പാമ്പുകളുടെ വിളയാട്ടം. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന വളപ്പിന്റെ പ്രത്യേകതകളാണിവ. ലാബ് അസിസ്റ്റന്റ് മുതൽ പാർട്ട് ടൈം ജീവനക്കാർ വരെ താമസിക്കുന്നത് ഇവിടെയാണ്. കൂടാതെ നൂറുകണക്കിന് രോഗികൾ ദിവസം തോറും എത്തുന്ന ഒ.പി കൗണ്ടറും സ്ഥിതി ചെയ്യുന്നത് കാടുമൂടി കിടക്കുന്ന ഇവിടെത്തന്നെ.

കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ വഴിയരികിൽ കണ്ടു. ആളുകളെത്തിയപ്പോഴേക്കും പരിസരത്തെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് പോയതായി ജീവനക്കാർ പറഞ്ഞു. ഇടയ്ക്കിടെ ഇത്തരത്തിൽ പാമ്പുകളെ കാണാറുണ്ടെന്നും ഇവർ പറയുന്നു.

ക്വാർട്ടേഴ്സ് നന്നാക്കിയില്ലെങ്കിലും പരിസരത്തെ കാട്ടുചെടികൾ വെട്ടിമാറ്റി വൃത്തിയാക്കി കിട്ടിയാൽ മതിയായിരുന്നുവെന്നാണ് ഇവിടുത്തെ താമസക്കാരായ ആശുപത്രി ജീവനക്കാർ പറയുന്നത്. ആശുപത്രിയിൽ നിന്ന് ക്വാർട്ടേഴ്സിലേക്കുള്ള വഴിയരികിലാണ് ഉപയോഗ ശൂന്യമായ കെട്ടിടവും കാടുമൂടിക്കിടക്കുന്ന പ്രദേശവും. തെരുവ് വിളക്കും ഇവിടെയില്ല. അതിനാൽ ഇഴജന്തുക്കളെ പേടിച്ച് അത്യാവശ്യത്തിന് രാത്രിയിൽ പുറത്തു പോകാൻ പോലും കഴിയുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. കൂടാതെ ആശുപത്രി വളപ്പിൽ പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഐസൊലേഷൻ വാർഡിന് വേണ്ടി കൂറ്റൻ പൈൻ മരം മുറിച്ചിട്ടതിന്റെ വേരുകളും മറ്റ് അവശിഷ്ടങ്ങളും ഇവിടെത്തന്നെ കൂട്ടിയിട്ടതും പ്രയാസം സൃഷ്ടിക്കുന്നു. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.