 
തിരൂർ: കെ റെയിൽ നിർമ്മാണത്തിനായി അതിർത്തി നിർണ്ണയിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. കല്ലിടുന്നത് എതിർത്തപ്പോൾ പൊലീസും നാട്ടുകാരും തമ്മിൽ നേരിയ സംഘർഷമുണ്ടാവുകയായിരുന്നു. തിരൂർ ചെയർപേഴ്സൺ നസീമക്കും വാർഡ് കൗൺസിലർ സലാം മാസ്റ്റർ അടക്കമുള്ളവർക്കും പരിക്ക് പറ്റി. പ്രതിഷേധക്കാരിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി.
തൃക്കണ്ടിയൂർ വില്ലേജിൽപ്പെട്ട തിരൂർ ഫയർ സ്റ്റേഷൻ മുതൽ കട്ടച്ചിറ വരെയുള്ള ഭാഗത്താണ് ഇന്നലെ കല്ലിടൽ നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധവുമായി ഉദ്യോഗസ്ഥരെ തടഞ്ഞത്. കെ. റെയിൽ പദ്ധതി പ്രകാരം നിരവധിയാളുകൾക്ക് കിടപ്പാടം നഷ്ടപെടുന്ന അവസ്ഥയാണ് തൃക്കണ്ടിയൂർ വില്ലേജിൽ ഉള്ളത്. ഒരു കാരണവശാലും ഞങ്ങളുടെ വാസസ്ഥലം വിട്ടുകൊടുക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. തിരൂർ ഡിവൈ.എസ്.പി വി.ബി ബെന്നിയുടെ നേതൃത്വത്തിൽ തീരുർ സി. ഐ ജിജോ, എസ്.ഐ ജലീൽ കറുത്തേടത് തുടങ്ങി നിരവധി പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധിച്ച റിയാസ് കെ.കെ, ഹാരിസ് അന്നാര, ഉമ്മർ ഫാറൂഖ് കെ.കെ, കമറു പി.ടി, ഗണേഷ് വാടേരി, മുസ്തഫ ടി.കെ, നിഷാദ് പി.പി, നിസാർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.