തിരൂരങ്ങാടി: നിരത്തുകളിലെ അപകടങ്ങൾക്ക് അറുതിവരുത്താൻ പരിശോധന കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം. കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം തിരൂരങ്ങാടി, തിരൂർ, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി തുടങ്ങി ജില്ലയുടെ വിവിധഭാഗങ്ങളിലായി
മാർച്ച് ഒന്നാം തീയതി മുതൽ 15-ാം തീയതി വരെ നടത്തിയ പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 712 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇത്തരത്തിൽ 356000 രൂപയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച് 12 പേർക്കെതിരെയുള്ള നടപടിയിൽ 24000 രൂപയും, സീറ്റ് ബെൽറ്റ് ധരിക്കാത്ത ഒമ്പത് പേർക്കെതിരെയുള്ള നടപടിയിൽ 4500 രൂപയും, ലൈസൻസില്ലാതെ വാഹനമോടിച്ച 121 പേർക്കെതിരെയുള്ള നടപടിയിൽ 605000 രൂപയും ഇരുചക്രവാഹനത്തിൽ മൂന്ന് പേരെ കയറ്റിയുള്ള 27 പേർക്കെതിരെയുള്ള നടപടിയിൽ 27000 രൂപയും ഈടാക്കി. ഇൻഷ്വറൻസ് ഇല്ലാത്ത 126 വാഹനങ്ങൾക്കെതിരെയുള്ള നടപടിയിൽ 258000 രൂപയും ഫിറ്റ്നസ് ഇല്ലാത്ത 19 വാഹനങ്ങൾക്കെതിരെയുള്ള നടപടിയിൽ 60000 രൂപയും കൂളിംഗ് ഫിലിം ഉപയോഗിച്ച 16 വാഹനങ്ങൾക്കെതിരെയുള്ള നടപടിയിൽ 4000 രുപയും പിഴ ഈടാക്കിയിട്ടുണ്ട്. ആകെ 1373 കേസുകളിലായി 2187626 രൂപയാണ് ഈടാക്കിയത്. ഉദ്യോഗസ്ഥർ വാഹനം തടഞ്ഞ് നിറുത്താതെ കാമറയുടെ സഹായത്തോടെ നിയമലംഘനങ്ങൾ കണ്ടെത്തിയും നടപടി സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ പറഞ്ഞു.