 
നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം മുട്ടും
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയെയും വേങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കടലുണ്ടി പുഴ ബാക്കികയം തടയണയിൽ ജലനിരപ്പ് താഴുന്നു. ഇത് കൃഷിയെ കൂടാതെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്നതിനും ഇടയാക്കും. ഇതോടെ പരിസര പ്രദേശങ്ങളിലുള്ളവർ ആശങ്കയിലായി.
വേങ്ങര, കണ്ണമംഗലം, ഊരകം, പറപ്പൂർ, എടരിക്കോട്, പെരുമണ്ണ, ഒഴുർ, തെന്നല, കോഡൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളുടെ ജലനിധി പദ്ധതിയും ഇതോടെ അവതാളത്തിലാവും. ഈ പ്രദേശത്തേക്ക് കുടിവെള്ളത്തിനും മറ്റ് കാർഷികാവശ്യത്തിനും വെള്ളം കണ്ടെത്തുന്നത് ഈ തടയണയിൽ നിന്നാണ്. ഈ പഞ്ചായത്തുകളിലെ വിവിധ കുടിവെള്ള പദ്ധതികളിലായി നിരവധി കുടുംബങ്ങളെയാണ് ജലനിരപ്പ് താഴുന്നത് ബാധിക്കുന്നത്.
നിലവിൽ ജലനിരപ്പ് 2.90 സെന്റീമീറ്റർ
ബാക്കികയം റഗുലേറ്ററിൽ ദിനം പ്രതി പത്ത് സെൻറ്റീമിറ്റർ വെള്ളം കുറവ് വരുന്നുണ്ട്. നിലവിൽ 2.90 സെന്റീമീറ്ററാണ് റഗുലേറ്ററിന്റെ സമീപത്തെ ജലനിരപ്പ്. പത്തോളം വരുന്ന പഞ്ചായത്ത് പ്രധിനിധികളുടെ നിരന്തര ഇടപെടലിൽ ഷട്ടർ തുറന്നിടുന്നത് തൽക്കാലം നിറുത്തിവച്ചിട്ടുണ്ട്.