മലപ്പുറം: ഒപ്പനയും കോൽക്കളിയും നാടൻപാട്ടും തുടങ്ങി വിവിധ കലാപ്രകടനങ്ങൾ അരങ്ങേറുന്ന വേദി. വേദിയിലെ നൃത്ത ചുവടുകൾക്കൊപ്പം സ്വയം മതിമറന്ന് തുള്ളുന്ന കുരുന്നുകൾ. ശാരീരിക-മാനസിക വെല്ലുവിളികളെല്ലാം തോറ്റുപോകുന്ന കലാപ്രകടനങ്ങൾ. മലപ്പുറം ടൗൺഹാളിൽ ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബഡ്‌സ് സ്‌കൂൾ ജില്ലാ കലോത്സവം 'ശലഭങ്ങൾ 2022'ലെ മനോഹര കാഴ്ചകളാണിത്. ജില്ലയിലെ 43 ബഡ്സ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ കലായിനങ്ങളിൽ മാറ്റുരച്ചു. മേള മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളോട് ചേർന്ന് ബഡ്‌സ് സ്‌കൂളുകൾ ആരംഭിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പൊതുസമൂഹവുമായി വേഗത്തിൽ ഇടപെടുന്നതിനും സ്വയംപര്യാപ്തമാകുന്നതിനും പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള ബഡ്‌സ് സ്‌കൂൾ വിദ്യാഭ്യാസം സഹായകരമാകും. ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ തൊഴിൽ സംരംഭകരാക്കുന്ന നിലയിലേക്ക് വളരാനും ഈ വിദ്യാഭ്യാസ രീതി സഹായമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി. ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോഡൂർ, മൊറയൂർ എന്നീ ബഡ്‌സ് സ്‌കൂളുകളുടെ വികസനത്തിന് യഥാക്രമം 60,50 ലക്ഷം രൂപവീതം ഫണ്ട് അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. സെലിബ്രിറ്റി അതിഥി സാജു നവോദയ, ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ.എ. കരീം എന്നിവർ സംസാരിച്ചു. ജില്ലയിലെ മികച്ച ബഡ്‌സ് സ്‌കൂളുൾക്കുള്ള പുരസ്കാരം മാറഞ്ചേരി സ്‌പെക്ട്രം ബഡ്‌സ് സ്‌കൂൾ, പാണ്ടിക്കാട് പ്രതീക്ഷ ബഡ്‌സ് സ്‌കൂൾ, തിരൂർ ബഡ്‌സ് സ്‌കൂൾ എന്നിവയ്ക്ക് മന്ത്രി വിതരണം ചെയ്തു. മികച്ച അദ്ധ്യാപകർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു. കലാപരിപാടികൾ ഇന്ന് അവസാനിക്കും.