പരപ്പനങ്ങാടി: നെടുവ പൊൽപ്പായിൽ റോഡിൽ സിമന്റ് കട്ട കയറ്റിവന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങി വയലിലെ കുളത്തിലേക്ക് മറിഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നിർമ്മാണ പ്രവൃത്തികൾക്കായി താനൂരിൽ നിന്ന് ഇന്റർലോക്ക് കട്ടകൾ കയറ്റിവന്ന ലോറിയാണ് ചരൽ പ്രദേശത്ത് കയറ്റം കയറുന്നതിനിടെ, പാർശ്വഭിത്തിയില്ലാത്ത പത്തടി താഴ്ചയുള്ള കുളത്തിലേക്ക് മറിഞ്ഞത്. ലോറിയുടെ മുക്കാൽ ഭാഗവും വെള്ളത്തിൽ താഴ്ന്നു. ലോറിക്ക് മുകളിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഡ്രൈവർ കാബിനിൽ ഉണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഡ്രൈവർ ആബിദിനും നിസാര പരിക്കേറ്റു.