
മലപ്പുറം: ജില്ലയിൽ മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ചത് ഏഴ് പേർക്ക്. ഓടക്കയം, പുഴക്കാട്ടി, വട്ടംകുളം, പോരൂർ, കരുവാരക്കുണ്ട്, മൊറയൂർ എന്നിവിടങ്ങളിലാണ് രോഗബാധിതരുള്ളത്. പോരൂരിൽ രണ്ട് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഫെബ്രുവരിയിൽ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എടക്കര, പോരൂർ, വട്ടംകുളം, മഞ്ചേരി എന്നിവിടങ്ങളിലാണിത്. പല ജില്ലകളിലും എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. മരണം റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശമേകിയിട്ടുണ്ട്. 40നും 60നും ഇടയിലുള്ളവരാണ് ചികിത്സയിൽ കഴിയുന്നവരിൽ ഏറെയും.
മലിനജലവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ജോലി ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രോഗം തിരിച്ചറിയാൻ ഒരാഴ്ചയോളം എടുക്കുമെന്നതിനാൽ പലപ്പോഴും ചികിത്സ വൈകുന്നതാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിക്കാം. രോഗാണു അകത്ത് കടന്നാൽ അഞ്ച് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാം. കടുത്ത പനി, തലവേദന, വിറയൽ, ക്ഷീണം, മസിലുകളിൽ വേദന എന്നിവയാണ് ആദ്യലക്ഷണങ്ങൾ. നെഞ്ചുവേദന, ശ്വാസംമുട്ടൽ, മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീര് തുടങ്ങിയവ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് പ്രത്യക്ഷപ്പെടാം.
ശ്രദ്ധിക്കണം അതിസാരം
അതിസാരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ദിവസം ശരാശരി 200 രോഗികൾ ചികിത്സ തേടുന്നു. ഒരാഴ്ചക്കിടെ 1,461 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. വേനൽ ശക്തിപ്രാപിക്കുന്നതോടെ ശുദ്ധജലത്തിന്റെ കുറവും രോഗവ്യാപനത്തിന് വഴിയൊരുക്കാം.