
മലപ്പുറം: പാർട്ടി കോൺഗ്രസ് തീരുംവരെ പ്രശ്നങ്ങൾ ഇല്ലാതിരിക്കാനാണ് കെ-റെയിൽ സർവേ താത്കാലികമായി നിറുത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പദ്ധതിയിൽ നിന്ന് പൂർണമായും പിൻമാറും വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റെയിൽവേ മന്ത്രിയെ കണ്ടെന്നും അനുകൂലമാണ് നിലപാടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ഉയർത്തിയ ഉത്കണ്ഠകൾ തന്നെയാണ് ഈ കൂടിക്കാഴ്ചയ്ക്കുശേഷവും റെയിൽവേ മന്ത്രി രാജ്യസഭയിൽ പറഞ്ഞത്. എതിർക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന മോദിയുടെ ശൈലിയാണ് പിണറായി പിന്തുടരുന്നത്.