
മലപ്പുറം: സിൽവർ ലൈനിൽ മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരും. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രി മോദിയുടെ രീതിയാണ്. അനുഭാവപൂർവമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ റെയിൽവെ മന്ത്രിയോട് സംസാരിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഒരുറപ്പും പ്രധാനമന്ത്രി മുൻപോട്ട് വയ്ക്കാത്തപ്പോൾ, പദ്ധതി സങ്കീർണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നും റെയിൽവേ മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കുകയും ചെയ്തു. ഒരുലക്ഷം കോടിക്ക് മുകളിൽ പദ്ധതിക്ക് ചെലവാകുമെന്നും സാങ്കേതിക, പരിസ്ഥിതി പ്രശ്നങ്ങൾ മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിതി ആയോഗും റെയിൽവേ മന്ത്രാലയവും ചോദിച്ച ചോദ്യങ്ങൾക്കൊന്നും സംസ്ഥാന സർക്കാരിന് ഉത്തരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.