
മലപ്പുറം: രാസവളങ്ങളുടെ വില ഇരട്ടിയോളം വർദ്ധിച്ചതോടെ സംസ്ഥാനത്ത് കാർഷിക മേഖല പ്രതിസന്ധിയിലായി. യൂറിയ ഒഴികെ എല്ലാ വളങ്ങൾക്കും വില കൂടി. രാജ്യാന്തര മാർക്കറ്റിൽ അനിയന്ത്രിതമായി വില കൂടിയതോടെ കമ്പനികൾ ഇറക്കുമതി കുറച്ചതാണ് തിരിച്ചടിയായത്. കർഷകർ ശാസ്ത്രീയമായ അനുപാതം നോക്കാതെ വില കൂടിയ വളങ്ങൾ ഒഴിവാക്കുന്നത് കൃഷിയെയും വിളവെടുപ്പിനെയും സാരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രധാന വളമായ പൊട്ടാഷിന്റെ വില (50 കിലോയ്ക്ക്) മൂന്നു മാസത്തിനിടെ 950ൽ നിന്ന് 1,700 രൂപയായി. ഇറക്കുമതി കുറച്ചതിനാൽ കടുത്ത ക്ഷാമവും നേരിടുന്നുണ്ട്. പൊട്ടാഷ് ചേർത്താണ് മിക്ക കോംപ്ലക്സ് വളങ്ങളും വരുന്നത്. ഇതോടെ എൻ.പി.കെ (നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം) കോംപ്ലക്സ് വളങ്ങൾക്കും വില കൂടി. നെൽകൃഷിയിൽ അവിഭാജ്യമായ ഡൈ അമോണിയം ഫോക്സ്‌ഫേറ്റിന്റെ വില 1,200ൽ നിന്ന് 1,700 ആയി. ഫാക്ടംഫോസ് വില 1,050ൽ നിന്ന് 1,490ലെത്തി.
ചൈന, റഷ്യ, ജോർദ്ദാൻ, മൊറോക്കോ, സൗദി അറേബ്യ, കാനഡ, ബൊലാറസ്, ഇസ്രായേൽ, ജർമ്മനി  എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിൽ പ്രധാനമായും രാസവളങ്ങൾ ഇറക്കുമതി ചെയ്യുന്നത്. യൂറിയ, പൊട്ടാഷ് വളങ്ങളുടെ പ്രധാന ഉത്പാദകരാണ് റഷ്യ. റഷ്യ-യുക്രെയിൻ യുദ്ധം നീണ്ടാൽ ഇവയുടെ ഇറക്കുമതിയേയും ബാധിക്കും.
''
രാസവളങ്ങളുടെ വില വർദ്ധിച്ചതോടെ ശാസ്ത്രീയമായ അനുപാതമൊന്നും നോക്കാതെ വില കൂടിയ വളങ്ങൾ ഒഴിവാക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കും.
- ഡോ.സി.ജോർജ് തോമസ്,
ചെയർമാൻ, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്
''
120 ടൺ പൊട്ടാഷിന് ഓർഡർ നൽകിയപ്പോൾ 56 ടണ്ണാണ് ലഭിച്ചത്. നിലവിൽ സ്റ്റോക്കൊന്നുമില്ല. വില കൂടിയതോടെ കർഷകർ രാസവളങ്ങൾ വാങ്ങുന്നതിന്റെ അളവ് കുറച്ചിട്ടുണ്ട്.
-സാം കുരുവിള,
അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി