
കരിപ്പൂർ : വിമാനത്താവളത്തിൽ ജോലിക്കു വരുന്ന കരാർ തൊഴിലാളികളുടെ വാഹനങ്ങൾക്കും ഏപ്രിൽ ഒന്നുമുതൽ പാർക്കിംഗ് ഫീസ് ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് പ്രതിമാസം 250, കാറടക്കമുള്ള നാലുചക്ര വാഹനങ്ങൾക്ക് 500 എന്നിങ്ങനെ ഈടാക്കാനാണ് എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം . ഒരു ലക്ഷവും അതിലധികവും ശമ്പളം കൈപ്പറ്റുന്ന അതോറിറ്റി ജീവനക്കാർക്ക് സൗജന്യമായി പാർക്ക് ചെയ്യാം. അവർക്ക് പാർക്കിംഗിന് പ്രത്യേക ഷെഡുമുണ്ട്. രണ്ടായിരത്തോളം കരാർ തൊഴിലാളികളാണ് വിമാനത്താവളത്തിൽ ജോലി ചെയ്യുന്നത്. തുച്ഛമായ ശമ്പളം വാങ്ങുന്നവരാണ് കൂടുതലും. ഇവരെ പിഴിയാനുള്ള അതോറിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐ.എൻ.ടി.യു.സി നേതാവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ.കെ അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു .