മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ എ.ഐ.എഫ്.എഫ് നിർദേശിച്ചിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് സബ് കമ്മിറ്റിയും ടെക്നിക്കൽ സബ് കമ്മിറ്റിയും സന്ദർശിച്ചു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.എം അബ്ദുൽ നാസർ, കൺവീനർ അജയരാജ്, ടെക്നികൽ കമ്മിറ്റി കൺവീനർ ഡോ.പി.എം.സുധീർകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. എ.ഐ.എഫ്.എഫ് സംഘം പയ്യനാട് സ്റ്റേഡിയം സന്ദർശിച്ച് നിർദേശിച്ച പ്രവർത്തനങ്ങൾ കമ്മിറ്റി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. നിലവിൽ സ്റ്റേഡിയത്തിലുള്ള എക്യുപ്‌മെന്റുകളുടെ ലിസ്റ്റെടുത്ത സംഘം എ.ഐ.എഫ്.എഫ് നിർദേശിച്ച അധികം വേണ്ട എക്യുപ്‌മെന്റുകളുടെ ലിസ്റ്റുകൾ തയ്യാറാക്കി. സൈൻ ബോർഡുകൾ ആവശ്യമുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ഗ്രൗണ്ടുകളുടെ പരിപാലനത്തിൽ തൃപ്തി അറിയിച്ച ഇരുകമ്മിറ്റികളും പെയിന്റ് ചെയ്ത ഗ്യാലറിയും പരിശോധിച്ചു. സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എ. നാസർ, പയ്യനാട് കൗൺസിലർ അബ്ദുൽ റഹീം, പുല്ലഞ്ചേരി കൗൺസിലർ സമീന മറ്റു സബ്കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.