 
മലപ്പുറം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സമരക്കാർ നഗരങ്ങളിലും മറ്റുമായി തമ്പടിച്ചിരുന്നെങ്കിലും ഒന്നാം ദിനത്തിലെ പോലെ ജില്ലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സർക്കാർ ജീവനക്കാരോട് നിർബന്ധമായും ജോലിക്കെത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് കളക്ട്രേറ്റിൽ എത്തിയിരുന്നത്. പല ഒാഫീസുകളും പൂട്ടിയിട്ട നിലയിലായിരുന്നു. അത്യാവശ്യം വേണ്ട ആരോഗ്യ വിഭാഗത്തിലും ഉദ്യോഗസ്ഥരെത്തിയിരുന്നില്ല. സംയുക്ത സമരസമിതി മലപ്പുറം നഗരത്തിലൊരുക്കിയ സമരപന്തൽ സജീവമായി തന്നെ ഇന്നലെയും പ്രവർത്തിച്ചു. വ്യാപാരികൾ പൂർണമായും കടകൾ തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഭൂരിഭാഗം കടകളും അടച്ചിട്ട നിലയിലായിരുന്നു. മഞ്ചേരിയിൽ രാവിലെ തുറന്നിരുന്ന കടകളിൽ പലതും സമരക്കാരെത്തി അടപ്പിച്ചു.
ഹോട്ടലുകൾ ഭാഗികമായി തുറന്നു
ഒന്നാം ദിനത്തിൽ ഹോട്ടലുകൾ പൂർണമായും അടഞ്ഞു കിടന്നിരുന്നെങ്കിലും രണ്ടാം ദിനത്തിൽ ഹോട്ടലുകൾ അങ്ങിങ്ങായി തുറന്നിരുന്നു. മലപ്പുറം നഗരത്തിലെ ചില റെസ്റ്റോറന്റുകളും പ്രവർത്തിച്ചു. മുഴുവൻ കടകളും തുറക്കുമെന്ന് പറഞ്ഞിരുന്ന എടവണ്ണയിൽ വ്യാപാരികൾ കട തുറന്നിരുന്നു. കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂർ എന്നിവിടങ്ങളിൽ ചുരുക്കം ചില ഹോട്ടലുകൾ മാത്രമാണ് തുറന്നിരുന്നത്. ചില ഹോട്ടലുകൾ സമരക്കാരെത്തി അടപ്പിച്ചു. ഒന്നാം ദിനത്തിൽ പകൽ മുഴുവൻ ഹോട്ടലുകൾ അടഞ്ഞു കിടന്നെങ്കിലും രാത്രിയിൽ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളുമെല്ലാം തുറന്നിരുന്നു. രാത്രിയിൽ ഹോട്ടലുകളിൽ കാര്യമായ തിരക്കും അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള കടകളെല്ലാം തുറന്നിരുന്നു.
ഒാട്ടോറിക്ഷകൾ നിരത്തിലിറങ്ങി
പൊതുഗതാഗതം നിലച്ച സ്ഥിതിയിലായിരുന്നെങ്കിലും കുറച്ചധികം ഒാട്ടോറിക്ഷകൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി സർവീസ് നടത്തിയിരുന്നു. രാവിലെയാണ് കൂടുതൽ കാണപ്പെട്ടിരുന്നത്. ഉച്ചയായതോടെ നഗരങ്ങൾ വിജനമായി. ഇതോടെ ഒാട്ടോറിക്ഷകളും സർവീസ് നിർത്തി. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു.
ഇന്ധനമില്ല,പമ്പുകൾ അടഞ്ഞു തന്നെ
പണിമുടക്കിൽ ജില്ലയിലേക്ക് ഇന്ധനമെത്താത്തതിനെ തുടർന്ന് ഭൂരിഭാഗം പെട്രോൾ പമ്പുകളിലും ഇന്ധനം തീർന്നു. ഒന്നാം ദിനത്തിൽ തന്നെ ഭാഗികമായി മാത്രമേ പമ്പുകൾ തുറന്നിരുന്നൊള്ളു. ഇന്നലെ ഭൂരിഭാഗം പമ്പുകളിലും ഇന്ധനം തീർന്നതോടെ പമ്പുകൾ അടച്ചിടേണ്ടി വന്നു. മലപ്പുറം നഗരത്തിൽ വിരലിലെണ്ണാവുന്ന പെട്രോൾ പമ്പുകളിൽ മാത്രമാണ് ഇന്ധനമുണ്ടായിരുന്നത്. മഞ്ചേരി നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയോടെ മുഴുവൻ പമ്പുകളിലും ഇന്ധനം തീർന്നിരുന്നു.
റവന്യൂ വകുപ്പിൽ ഹാജരായത് 60 ജീവനക്കാർ
1,580 ജീവനക്കാരുള്ള ജില്ലയിലെ റവന്യൂ വകുപ്പിൽ 60 ജീവനക്കാരാണ് ഇന്നലെ ജോലിക്കെത്തിയത്. 1,158 പേർ പണിമുടക്കിൽ പങ്കെടുത്തു. ഒന്നാം ദിനത്തിൽ 42 പേരായിരുന്നു ജോലിയ്ക്ക് ഹാജരായിരുന്നത്. 1,176 പേർ പണിമുടക്കിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി അംഗീകൃത അവധിയിൽ പോയത് 360 പേരാണ്.