ponnani
പണിമുടക്ക് ദിവസം കർമ്മ റോഡിനോട് ചേർന്ന ഭാരതപ്പുഴയിൽ രാത്രി സർവീസ് നടത്തുന്ന ഉല്ലാസ ബോട്ട്

പൊന്നാനി: നാടാകെ പണിമുടക്കിയ രണ്ട് ദിവസവും പണിമുടക്കാതെ കർമ്മ റോഡ്. ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യാനുമായി പണിമുടക്കു ദിവസം കർമ്മ റോഡിലെത്തിയത് ആയിരങ്ങൾ. രാത്രി ഏറെ വൈകിയും ആളുകൾ പുഴയോരപാതയിൽ നിറഞ്ഞുനിന്നു. സാധാരണ ദിവസത്തേക്കാൾ ഏറെ ആളുകളാണ് പണിമുടക്കു ദിവസങ്ങളിൽ കർമ്മയിലെത്തിയത്.

നാടും നഗരവും ശൂന്യമായ രണ്ട് ദിവസവും കർമ്മ റോഡിൽ രാവും പകലും ആളുകളെ കൊണ്ട് നിറഞ്ഞു. സൈക്ലിംഗും ജോഗിങ്ങുമായി പകൽ സജീവമായിരുന്നു. ഉച്ചതിരിഞ്ഞതോടെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. ഇതോടെ ഉല്ലാസ ബോട്ടുകൾ സ്റ്റാർട്ടായി. തട്ടുകടകളും ഹോട്ടലുകളും തുറന്നു. വൈകുന്നേരത്തോടെ സാധാരണ ദിവസം പോലെ കർമ്മ റോഡ് മാറി.
ഒരു കിലോമീറ്ററിലേറെ റോഡിന്റെ ഇരുവശവും വാഹനങ്ങൾ കൊണ്ടു നിറഞ്ഞു.

അപ്രതീക്ഷിതമായുള്ള ആളുകളുടെ ഒഴുക്ക് കണ്ടതോടെ തീരത്ത് നങ്കൂരമിട്ടിരുന്ന ഉല്ലാസ ബോട്ടുകളൊക്കെ സജീവമായി. ആൾ തിരക്കു കാരണം മണിക്കൂറുകൾ കാത്തുനിന്നാണ് ടിക്കറ്റെടുത്തവർക്ക് ബോട്ടുയാത്ര നടത്താനായത്. രാത്രി ഒമ്പതു വരെ ബോട്ട് യാത്ര തുടർന്നു. ദീപാലങ്കൃതമായ ബോട്ടുകളുടെ യാത്ര തീരത്തുള്ളവർക്ക് മനോഹര കാഴ്ച്ചയൊരുക്കി. അവധി ദിവസങ്ങളിലാണ് ബോട്ട് യാത്രക്കായി കൂടുതൽ പേർ കർമ്മ റോഡിലെത്താറുള്ളത്. അതിലേറെ ആളുകളാണ് പണിമുടക്കു ദിവസങ്ങളിൽ കർമ്മയിലെത്തിയതെന്ന് ബോട്ട് നടത്തിപ്പുകാർ പറഞ്ഞു.

ആളുകളുടെ അപ്രതീക്ഷിത ഒഴുക്ക് തട്ടുകടക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പണിമുടക്കായതിനാൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് മാത്രമെ പ്രതീക്ഷിച്ചിരുന്നുള്ളു. അതിനനുസരിച്ചുള്ള ഭക്ഷണവിഭവങ്ങളാണ് തട്ടുകടക്കാർ ഒരുക്കിയത്. ആളുകളുടെ വൻതിരക്ക് കാരണം ഏറെ പണിപ്പെട്ടാണ് പലഹാരങ്ങൾ ഒരുക്കിയത്. ഒരോ കടകൾക്കു മുന്നിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പണിമുടക്കിനെ ആഘോഷമാക്കാൻ കർമ്മ റോഡിലെത്തി.