manjeri
പയ്യനാട് ഫുട്ബോൾ സ്റ്റേഡിയത്തിൽ അവസാനഘട്ട പ്രവൃത്തികൾ പുരോഗമിക്കുന്നു.

മഞ്ചേരി: സന്തോഷ് ട്രോഫി മത്സരങ്ങളുടെ മുഖ്യവേദിയായ പയ്യനാട് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. സ്റ്റേഡിയത്തിലെ പെയിന്റിംഗ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. കാണികൾക്കുള്ള ഗ്യാലറിയിൽ പച്ചയും മഞ്ഞയും കളർ ഇടകലർത്തിയാണ് അടിച്ചിട്ടുള്ളത്. 15 തൊഴിലാളികളാണ് പെയിന്റിംഗിനായി സ്റ്റേഡിയത്തിലുള്ളത്. ഈസ്റ്റ് ഗ്യാലറിയിലെ ജോലികൾ പൂർത്തിയായി. ഇനി പവലിയന്റെ ഉൾഭാഗവും പുറംഭാഗവുമാണ് ബാക്കിയുള്ളത്. ഒരാഴ്ചച്ചക്കം പെയിന്റിംഗ് ജോലികൾ പൂർത്തിയാകും. കളിക്കാർക്കും റഫറിമാർക്കും മറ്റു ഒഫീഷ്യലുകൾക്കുമുള്ള മുറികളുടെയും ശുചിമുറികളുടെയും പെയിന്റിംഗ് നേരത്തെ പൂർത്തിയായിരുന്നു. മൈതാനത്തിലെ പുല്ലുപരിപാലനം ദിവസും നടക്കുന്നുണ്ട്. മൂന്ന് നേരങ്ങളിലായി നനച്ചാണ് പരിപാലനം. പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് വെട്ടിയൊതുക്കും.
മത്സരങ്ങൾ കാണാനെത്തുന്നവർക്കായി ഒരേസമയം ആയിരത്തിലധികം വാഹനങ്ങൽ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
75 മത് സന്തോഷ് ട്രോഫിയുടെ മത്സരക്രമം പുറത്തുവിട്ടു. ഏപ്രിൽ 16ന് നടക്കുന്ന ആദ്യ മത്സരത്തിൽ കോട്ടപടി സ്റ്റേഡിയത്തിൽ വെസ്റ്റ് ബംഗാൾ പഞ്ചാബുമായി ഏറ്റുമുട്ടും. അന്നേ ദിവസം തന്നെ കേരളം രാജസ്ഥാനുമായി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടും.
പയ്യനാട്‌സ്റ്റേഡിയത്തിലെ പ്രവൃത്തി വിലയിരുത്താൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കോമ്പറ്റീഷൻ മാനേജർ രാഹുൽ പരേശ്വർ, ടെക്നിക്കൽ ഡയറക്ടർ ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തി അറിയിച്ച എ.ഐ.എഫ്.എഫ് സംഘം ചില അറ്റകുറ്റ പ്രവർത്തനങ്ങൾ നടത്താനും നിർദേശിച്ചു. മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി ഏപ്രിൽ 10നകം സ്റ്റേഡിയം കൈമാറാണ് നിർദേശം. വി.ഐ.പി ഗ്യാലറിയിൽ കസേര സ്ഥാപിക്കൽ, ഫ്ളഡ് ലൈറ്റിന്റെ പ്രകാശ തീവ്രത വർദ്ധിപ്പിക്കൽ എന്നീ പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളത്. ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെയാണ് മത്സരങ്ങൾ നടക്കുക. പയ്യനാടിന് പുറമെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും.