മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന് ആവേശം പകർന്ന് 'സന്തോഷാരവം' വിളംബര ജാഥയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീര തുടക്കം. ഇന്നലെ രാവിലെ ഒമ്പതിന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ താരം കെ.ടി. ചാക്കോ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. മലപ്പുറം മേഖലാ ഷൂട്ടൗട്ടുകളുടെ ഉദ്ഘാടനം ഇന്ത്യൻ താരം മഷ്ഹൂർ ഷരീഫ് നിർവഹിച്ചു.
വിവിധ സ്വീകരണ സ്ഥലങ്ങളിൽ മുൻ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കും. വിളംബര ജാഥ ഇന്ന് താനൂർ നിന്ന് ആരംഭിച്ച് ചെമ്മാട്, അത്താണിക്കൽ, വേങ്ങര, കൊണ്ടോട്ടി എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി വൈകിട്ട് 5.30ന് അരീക്കോട് സമാപിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിളംബര ജാഥ ഏപ്രിൽ ഒന്നിന് വൈകീട്ട് 5.30ന് മഞ്ചേരിയിലാണ് സമാപിക്കുക.