water
ജലം

തിരുരങ്ങാടി: നന്നമ്പ്ര പാടശേഖരങ്ങളിലെ ജലസേചന പ്രശ്നം പരിഹരിക്കാൻ പ്രപ്പോസലുമായി നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതി. നെൽക്കർഷകർക്ക് ജലദൗർബല്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ബാക്കിക്കയം തടയണ തുറക്കുന്നതിന് അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തോടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്.

സാങ്കേതിക പഠനം നടത്തി തടയണ നിർമ്മിക്കുക , ഓൾഡ് കട്ട് ജംഗ്ഷൻ മുതൽ മുക്കം വട്ടച്ചിറ വരെയും വെഞ്ചാലി വരെയുമുള്ള തോടുകളിലെയും അനുബന്ധ തോടുകളിലെയും അടിഞ്ഞ് കൂടിയ ചെളിയും മറ്റും നീക്കുക, ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നും കനാലിലേക്ക് ഒരേ സമയം രണ്ട് പമ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുക,​ കൊടിഞ്ഞി കാളംതിരുത്തി ഓൾഡ് കട്ട് ജംഗ്ഷനിൽ ഇറിഗേഷൻ ഭൂമിയിൽ മിനി പമ്പ് ഹൗസ് നിർമ്മിക്കുക , ന്യൂകട്ട് റഗുലേറ്റർ സംവിധാനത്തിലേക്ക് മാറ്റുക , പൈപ്പ് വഴി വട്ടച്ചിറയിലേക്ക് വെള്ളം പമ്പ് ചെയ്യുക തുടങ്ങിയ പ്രൊപ്പോസലുകളാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു വച്ചത് . ബാക്കിക്കയം ഷട്ടർ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പെങ്കിലും കർഷകരെ അറിയിക്കാൻ സംവിധാനമൊരുക്കാനും ആവശ്യപ്പെടും. പ്രപ്പോസൽ എം.എൽ.എ ,​ ജില്ലാ കളക്ടർ , തഹസിൽദാർ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി , ഭൂജല വകുപ്പുകളിലേക്ക് തുടർനടപടികൾക്കായി സമർപ്പിക്കുന്നതിനും ഭരണസമിതി തീരുമാനിച്ചു .