
മലപ്പുറം: കൊവിഡ് കാരണം ഒരു വർഷം അടഞ്ഞുകിടന്ന സ്‌കൂളുകൾ തുറന്നപ്പോൾ ചില ആദിവാസി കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ താത്പര്യക്കുറവുണ്ടായിട്ടുണ്ടെന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരം കുട്ടികളെ വിദ്യാഭ്യാസ പ്രവർത്തകർ, പട്ടിക വർഗ്ഗ പ്രമോട്ടർമാർ ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്‌കൂളുകളിലേക്ക് മടക്കികൊണ്ടുവരാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിലമ്പൂർ ആദിവാസി മേഖലയിൽ വാഹനങ്ങളുടെ അപര്യാപ്തത കാരണം ആദിവാസി കുട്ടികൾ സ്‌കൂളിലെത്താൻ പ്രയാസം അനുഭവിക്കുകയാണെന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച വിശദീകരണത്തിലാണ് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസർ ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ പട്ടികവർഗ്ഗ കുടുംബങ്ങളിൽ 70 ശതമാനത്തിലധികവും നിലമ്പൂർ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ 5,022 കുടുംബങ്ങളിലെ 52.57 ശതമാനം പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാൻ നിലമ്പൂരിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവർത്തിക്കുന്നു. 8 പ്രീമെട്രിക് ഹോസ്റ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും നിയന്ത്രണത്തിൽ റസിഡൻഷ്യൽ ഹോസ്റ്റലുകളും പ്രവർത്തിക്കുന്നുണ്ട്. 750 ലധികം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ സ്‌കൂൾ ഹോസ്റ്റലുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഗോത്ര സാരഥി
2013-14 ൽ നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതിയുടെ ലക്ഷ്യം പട്ടിക വർഗ്ഗ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ എത്തിക്കാൻ ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബൽ സബ്പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. ജില്ലാകളക്ടർ, പഞ്ചായത്ത് ഡയറക്ടർ, ആസൂത്രണ ബോർഡ് അദ്ധ്യക്ഷൻ എന്നിവരാണ് ഗോത്രസാരഥി പദ്ധതിയിൽ തുടർ നടപടികൾ സ്വീകരിക്കുന്നത്.
ചാലിയാർ പഞ്ചായത്തിൽ ഗോത്രസാരഥി പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ കോളനികളിൽ നിന്നും കുട്ടികളെ സ്‌കൂളിലെത്തിക്കാൻ 5 ജീപ്പുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. കാട്ടുനായ്ക്കർ, ചോലനായ്ക്കർ വിഭാഗത്തിലുള്ളവർ വനത്തിനുള്ളിലെ കോളനികളിലാണ് താമസിക്കുന്നത്. ഗോത്ര രീതി പ്രകാരം ഇവർ വനത്തിനുള്ളിൽ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
മനുഷ്യാവകാശ കമ്മിഷൻ തിരൂർ സിറ്റിംഗ് ഇന്ന്
തിരൂർ : സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് രാവിലെ പത്തരക്ക് തിരൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.