 
കോട്ടക്കൽ: നഗരസഭയിലെ 38 അംഗൻവാടിയിലെ പ്രീ സ്‌കൂൾ കുട്ടികളും അമ്മമാരും അംഗൻവാടി പ്രവർത്തകരും പാഠ്യപദ്ധതിയുടെ ഭാഗമായി ഉത്സവങ്ങൾ എന്ന തീമിനെ ആസ്പദമാക്കി കോട്ടക്കൽ പൂരം കാണാൻ കൈലാസ മന്ദിരത്തിലെത്തി. കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.മാധവൻ കുട്ടി വാര്യർ കുട്ടികളെ സ്വീകരിച്ചു. നാടിന്റെ ഉത്സവം കാണാൻ ആദ്യമായാണ് എല്ലാ അംഗൻവാടികളിലെയും കുട്ടികൾ ഒന്നിച്ച് വരുന്നതെന്നും കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ആര്യ വൈദ്യശാല മെറ്റീരിയൽ സീനിയർ മാനേജർ ഷൈലജ മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ് ഉത്സവങ്ങൾ എന്ന തീമിനെ കുറിച്ച് വിശദീകരിച്ചു. പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ, കെ. കൃഷ്ണ, പി. വനജ, കെ. ഗിരിജ, ടി.പി ഷീജ, കെ.കെ റൈഹാനത്ത്, കെ. കൃഷ്ണകുമാരി, കെ രാജശ്രീ, വി. ശ്യാമളവല്ലി, എം. വിജയ, കെ. രമണി എന്നിവർ നേതൃത്വം നൽകി. വിശ്വംഭര ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചാക്യാർകുത്ത്, ആന എഴുന്നള്ളിപ്പ്, മേളം, കഥകളി വേഷം, മുത്തുകുട, ചെണ്ട, കുഴൽ, ആലവട്ടം എന്നിവ കുട്ടികൾക്ക് നേരിട്ട് കാണാനും പരിചയപ്പെടാനും അവസരമൊരുക്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവും നൽകി.
കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയ അംഗൻവാടി കുരുന്നുകളെ മാനേജിംഗ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ, മെറ്റീരിയൽസ് മാനേജർ ശൈലജ മാധവൻകുട്ടി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു