
കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി യാത്രക്കാരനും സ്വീകരിക്കാനെത്തിയ രണ്ടുപേരും അറസ്റ്റിൽ. യാത്രക്കാരനായ മലപ്പുറം വാഴക്കാട് കരിമ്പനംകുഴി മുഹമ്മദ് റമീസ്(29), സ്വീകരിക്കാനെത്തിയ കോഴിക്കോട് താമരശേരി പെരുമ്പള്ളി മുഹമ്മദ് മുസ്തഫ(36), കുന്നമംഗലം കിഴക്കൻ ചാലിൽ ഉവൈസ്(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും റമീസ് ഒളിപ്പിച്ചു കടത്തിയ ഒരു കിലോ സ്വർണ മിശ്രിതവും പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പുലർച്ചെ ദുബായിൽ നിന്നു എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് റമീസ് കരിപ്പൂരിലെത്തിയത്. സ്വർണമിശ്രിതം നാലു ഗുളികകളുടെ രൂപത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയിൽ ഇതു കണ്ടെത്താനായിരുന്നില്ല. പൊലീസ് പ്രതിയെ എക്സ്‌റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് 1039.14.ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്.