
പാലക്കാട്: കുട്ടികളിലെ ജന്മ വൈകല്യമായ ക്ലബ് ഫൂട്ട് കണ്ടെത്തി ചികിത്സിക്കുന്ന ക്ലിനിക് ജില്ലാ വനിതാശിശു ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. കുഞ്ഞുങ്ങളിൽ കാൽപാദം ഉള്ളിലേക്ക് തിരിഞ്ഞു മടങ്ങിയിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട് അഥവാ കുറുകിയ കാൽ. ഇത്തരം അവസ്ഥയുള്ള കുട്ടികളിൽ ജനിച്ച ഉടൻ കൃത്യമായി ചികിത്സ തുടങ്ങിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന അസുഖമാണിത്. ക്ലബ് ഫൂട്ട് സ്‌ക്രീനിംഗ്, പ്ലാസ്റ്റർ ഇട്ടു നൽകൽ, ഫിസിയോ തെറാപ്പി, സർജറി വേണ്ട സാഹചര്യങ്ങിൽ ഉയർന്ന തലത്തിൽ ആശുപത്രികളിലേക്കുള്ള റഫറൻസ് സേവനം എന്നിവ ക്ലിനിക്കിൽ ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും ഫൂട്ട് ക്ലിനിക് പ്രവർത്തിക്കും. ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിൽ കൂടി ഉടൻ സേവനം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ വനിതാശിശു ആശുപത്രിയിൽ ആരംഭിച്ച ക്ലബ് ഫൂട്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ.ജയശ്രീ നിർവഹിച്ചു. രാവിലെ ഒമ്പതു മുതൽ 11വരെയാകും ക്ലിനിക്കിന്റെ പ്രവർത്തനം. കഴിഞ്ഞ ദിവസം നാല് കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കിയതായി ഡോ. പി.കെ.ജയശ്രീ പറഞ്ഞു.