hot

പാലക്കാട്: ജില്ലയിൽ ചൂട് കനത്തു. തുടർച്ചയായി രണ്ടാംദിനവും മുണ്ടൂർ ഐ.ആർ.ടി.സിയിൽ കൂടിയ ചൂട് 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ചയും ഇവിടെ കൂടിയ ചൂട് 40 ഡിഗ്രി ആയിരുന്നു. ഈ വർഷത്തെ ഉയർന്ന താപനിലയാണിത്. അതുവരെ 39 ഡിഗ്രിയായിരുന്നു കൂടിയ ചൂട്. 23 ഡിഗ്രിയാണ് മൂണ്ടൂരിൽ ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട്. ആർദ്രത 43 ശതമാനം. മലമ്പുഴയിൽ കൂടിയ താപനില 35.6 ഡിഗ്രിയും കുറഞ്ഞത് 23.3 ഡിഗ്രിയും രേഖപ്പെടുത്തി. ആർദ്രത 30 ശതമാനം.

2021ൽ കൂടിയ ചൂട് ഫെബ്രുവരി 28ന് 41 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. നിലവിൽ താപനില ശരാശരിക്കും മുകളിലെത്തിയതോടെ ജില്ലയിൽ പകലും രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് തൊഴിലുറപ്പ് ഉൾപ്പെടെ പുറത്ത് പണിയെടുക്കുന്നവരുടെ തൊഴിൽ സമയം ക്രമീകരിച്ചിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സൂര്യാഘാതം, താപ ശരീരശോഷണം, ഹീറ്റ് റാഷ് തുടങ്ങിയ ചൂടുമൂലം ഉണ്ടാകുന്ന അവസ്ഥകൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.