പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങൾ ഇനി പാഴാകില്ല, ജൈവവളമായി അത് കൃഷിയിടങ്ങൾക്ക് ഊർജ്ജമാകും. ആശുപത്രിയിലെ യൂണിറ്റുകളിൽ ബാക്കിവരുന്ന ഭക്ഷണാവശിഷ്ടങ്ങൾ ജൈവ വളമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചു. നാല് മാസം മുമ്പ് തുടങ്ങിയ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തയ്യാറായ ജൈവവളം കർഷകർക്ക് കൈമാറി. 500 കിലോ ഭക്ഷണാവശിഷ്ടമാണ് ജൈവവളമാക്കി മാറ്റിയിരുന്നത്. ഇതിൽ 300 കിലോ വളമാണ് കർഷകർക്ക് കൈമാറിയത്. നഗരസഭ ചെയർപേഴ്സൺ കെ.ജാനകി ദേവി ഉദ്ഘാടനം ചെയ്തു.
മുണ്ടൂർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് താലൂക്ക് ആശുപത്രിയിൽ പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലെ കുട്ടികളുടെയും പുരുഷ, വനിത വാർഡുകളിലെയും ലേബർ റൂം ജീവനക്കാരുടെ മുറികൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് ജൈവവളമാക്കി മാറ്റുന്നത്. കർഷകനായ ചെർപ്പുളശ്ശേരി സ്വദേശി സുരേഷ് ബാബുവിനാണ് ജൈവവളം കൈമാറിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ദീപു സി.നായർ അദ്ധ്യക്ഷത വഹിച്ചു. ആർ.ശ്രീലത, വേലുമണി, എ.എസ്.നാരായണൻകുട്ടി, എ.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ജൈവ വളം തയ്യാറാക്കുന്നത്
ദിവസവും 50 കിലോയിലധികം ഭക്ഷണാവശിഷ്ടമാണ് ആശുപത്രിയിൽ നിന്ന് ശുചീകരണ ജീവനക്കാർ ശേഖരിക്കുന്നത്.
ശേഖരിക്കുന്ന അവശിഷ്ടങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ സജ്ജമാക്കിയ 15 പ്ലാസ്റ്റിക് വീപ്പകളിലേക്ക് മാറ്റും. ഇതിലേക്ക് ചകിരി ചോറും ഇനാക്കുലവും ചേർത്ത് 50 ദിവസം വെച്ചാണ് ജൈവവളമാക്കി മാറ്റുന്നത്.