
പാലക്കാട്: വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ കാട്ടുതീ പടരുന്നത് തടയാൻ വനംവകുപ്പ് പ്രതിരോധ പ്രവർത്തനവുമായി രംഗത്ത്. തീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഫയർലൈനുകളും ഫയർബ്രേക്കറുകളും സ്ഥാപിക്കാൻ തുടങ്ങി. വനം- വന്യജീവി വകുപ്പ് ഈസ്റ്റേൺ സർക്കിളിൽ വരുന്ന പാലക്കാട്, മണ്ണാർക്കാട്, നെന്മാറ, മലപ്പുറം ജില്ലയിലെ നിലമ്പൂർ നോർത്ത്, നിലമ്പൂർ സൗത്ത് ഡിവിഷനുകളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സ്ഥിരമായി തീപിടിക്കുന്ന കൂടുതൽ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി വരുകയാണെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ 1050.17 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് ഉള്ളത്. മുൻവർഷങ്ങളിൽ അട്ടപ്പാടി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ കാട്ടുതീ പടർന്നിരുന്നു. ഇതുമൂലം ഏക്കർ കണക്കിന് പ്രദേശങ്ങളാണ് അഗ്നിക്കിരയായത്. ഇത്തരം സഹാചര്യം ഒഴിവാക്കുന്നതിനാണ് ഫയർലൈനുകളും ഫയർബ്രേക്കറുകളും സ്ഥാപിക്കുന്നത്.
കാട്ടുതീ അണയ്ക്കൽ കാര്യക്ഷമമാക്കാൻ ജില്ലയിൽ വനംവകുപ്പിന് ഒരു ഫയർ റെസ്‌പോണ്ടർ വാഹനമുണ്ട്. കൂടാതെ തീപിടിത്തം തടയാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗവും സജ്ജമാണ്. എല്ലാ യൂണിറ്റുകളിലും ആവശ്യത്തിന് വാഹനങ്ങളും വിദഗ്‌ദ്ധ പരിശീലനം നേടിയ ജീവനക്കാരുമുണ്ട്. സാധാരണ ഫയർ ടെണ്ടറുകളേക്കാൾ മൂന്നുമടങ്ങ് വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള വാട്ടർബൗസറും തീ അണയ്ക്കാൻ തയ്യാറാണ്.
ഫയർലൈൻ തയ്യാറാക്കുന്ന മേഖലകൾ
പാലക്കാട് ഡിവിഷനിൽ മാത്രം വാളയാർ, കഞ്ചിക്കോട്, മലമ്പുഴ, ധോണി, മുണ്ടൂർ മേഖലകളിൽ ഫയർലൈൻ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സെക്ഷനുകളിലെ നൂറോളം വാച്ചർമാരെ വനാതിർത്തികളിൽ നിയോഗിച്ചുകഴിഞ്ഞു.
നിലവിൽ പറമ്പിക്കുളത്തോട് ചേർന്നു കിടക്കുന്ന നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട് പ്രദേശങ്ങളിൽ 20 കിലോമീറ്ററോളം ഫയർലൈൻ തയ്യാറാക്കി.
വനത്തിലെ ജലക്ഷാമം പരിഹരിക്കാൻ ബ്രഷ് വുഡ് ചെക്ക് ഡാമുകൾ
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം വനത്തിലെ ജലക്ഷാമം പരിഹരിക്കാൻ ബ്രഷ് വുഡ് ചെക്ക്ഡാമുകൾ നിർമ്മിക്കുന്നുണ്ട്. വെള്ളം തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനാണ് ഇത്തരത്തിൽ തടയണ നിർമ്മിക്കുന്നത്. വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ജനവാസമേഖലയിലുള്ളവർക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ബ്രഷ് വുഡ് ചെക്ക്ഡാമുകൾ നിർമ്മിക്കുന്നതോടെ ഇതിന് പരിഹാരമാകും.
രണ്ടു ദിവസത്തെ തീവ്രശ്രമം: വനംവകുപ്പ് കാട്ടുതീ അണച്ചു
നെല്ലിയാമ്പതി വനമേഖലയിൽ വ്യാഴാഴ്ച്ച പടർന്ന കാട്ടുതീ രണ്ടു ദിവസത്തെ ശ്രമഫലമായി അണച്ചു. നെന്മാറ ഡിവിഷനിലെ നെല്ലിയാമ്പതി, ആലത്തൂർ വനംജീവനക്കാരും തിരുവഴിയാട്, പോത്തുണ്ടി, സെക്ഷൻ സ്റ്റാഫും വച്ചർമാരും ഉൾപ്പെടെ നാല്പതിലേറെ വരുന്ന സംഘമാണ് തീ അണച്ചത്. പുതുതായി പവർ സ്‌പ്രേയർ ബ്ലോവർ ഉപയോഗിച്ച് കരിയിലയും മറ്റും നീക്കി കൗണ്ടർ ഫയർ ലൈൻ നിർമിച്ചാണ് തീ കെടുത്തിയത്.
ഒലിപ്പാറ പുഴയുടെ ഇരു ഭാഗങ്ങളിലേക്കും തീ വ്യാപിച്ചു കയറിയതിനാൽ വനപാലകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ തീപടർന്നു. അഞ്ചു വർഷത്തിനുശേഷമാണ് ഇത്ര വ്യാപകമായി മേഖലയിൽ തീപടരുന്നത്. നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസർ കൃഷ്ണ ദാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ, അനൂപ്, വിനോദ്, രമേഷ്, രഞ്ജിത്ത്, വിവിധ പ്രദേശങ്ങളിലെ വാച്ചർമാരും അടങ്ങിയ സംഘമാണ് തീ കൊടുത്താൽ ദൗത്യത്തിൽ പങ്കെടുത്തത്.