
അഗളി: സൈലന്റ് വാലി ദേശീയോദ്യാനത്തിൽ ഫെബ്രുവരി 22ന് ആരംഭിച്ച കടുവകളുടെ കണക്കെടുപ്പ് ഇന്നലെ പൂർത്തിയായി. പരിശീലനം പൂർത്തിയാക്കിയവർ ഉൾപ്പടെ 300 വനം വകുപ്പ് ജീവനക്കാർ ചേർന്നാണ് കണക്കെടുപ്പ് നടത്തിയത്. സൈലന്റ് വാലി ഡിവിഷനെ 20 ഗ്രൈഡുകളാക്കി തിരിച്ചാണ് കടുവകളുടെ എണ്ണം ശേഖരിച്ചത്. വനമേഖലയിൽ കാമറ ട്രാപ്പുകൾ സ്ഥാപിച്ച് കടുവകളുടെ ചിത്രം ശേഖരിച്ചും കാൽപ്പാടുകളും മറ്റും പരിശോധിച്ചുമാണ് കണക്കെടുപ്പ് നടത്തിയത്. കൂടാതെ ഗ്രിഡുകളിലൂടെ 15 കിലോ മീറ്റർ ദൂരം നടന്ന് കാൽപ്പാടുകൾ പരിശോധിച്ചും കണക്കെടുപ്പ് നടത്തി.
ഇതിനു പുറമേ നേരിട്ട് കണ്ടും മറ്റു രീതിയിലുള്ള സാന്നിധ്യം കണ്ടെത്തിയുമാണ് കണക്കെടുത്തതെന്ന് ജീവനക്കാർ പറഞ്ഞു. പ്രത്യേക ഇക്കോളജിക്കൽ ആപ്പും വിവരശേഖരണത്തിനായി ഉപയോഗിച്ചിരുന്നു. പെരിയാർ കടുവാ സങ്കേതത്തിനായിരുന്നു കണക്കെടുപ്പ് ചുമതല. നാലുവർഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവകളുടെ സെൻസസ് നടത്തുന്നത്. 2018 -ലാണ് ഇതിനു മുമ്പ് കണക്കെടുപ്പ് നടത്തിയത്. ഇന്ത്യയിൽ 2967 കടുവകൾ ഉണ്ടെന്നായിരുന്നു അന്നത്തെ സെൻസസിലെ ഔദ്യോഗിക കണ്ടെത്തൽ.
സെൻസസ് വഴി സമാഹരിച്ച വിവരങ്ങൾ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യക്ക് സമർപ്പിക്കും. തുടർന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കും.
വി.അജയഘോഷ്, സൈലന്റ് വാലി റേഞ്ച് ഓഫീസർ.