inogration

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിക്കുന്ന കീമോതെറാപ്പി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. ഒറ്റപ്പാലം ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഇ.പി.മാധവൻ മെമ്മോറിയൽ കെട്ടിടം നിർമ്മിക്കുന്നത്. താലൂക്ക് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർപ്ലാൻ പ്രകാരം ഒരുകെട്ടിടം നിലവിലെ അർബുദ ചികിത്സ കേന്ദ്രം നിൽക്കുന്നിടത്താണ് നിർമ്മിക്കാൻ പദ്ധതിയുള്ളത്. ഈ കെട്ടിടം പൊളിക്കേണ്ടിവന്നാൽ അർബുദ ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നിരിക്കെയാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് അറിയിച്ചത്.

70 ലക്ഷം രൂപ ചെലവിലാണ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുതിയ രണ്ടുനില കെട്ടിടം നിർമ്മിക്കുന്നത്. ആറ് മാസത്തിനുള്ളിൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്നാണ് ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കാതെ കിടക്കുന്ന ആർ.എം.ഒ ക്വാട്ടേഴ്സുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതിനുവേണ്ടി പഴയ ആർ.എം.ഒ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചുനീക്കിയിട്ടുണ്ട്. ചടങ്ങിൽ ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ കെ.ജാനകീദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.രാജേഷ്, സൂപ്രണ്ട് ഡോ. സി.ദീപു, ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ഇ.പി.രാജ്കുമാർ, ഇ.പി.പ്രമോദ് കുമാർ, ഇ.പി.ചിത്രേഷ് നായർ, സ്ഥിരംസമിതി അദ്ധ്യക്ഷ എ.രൂപ ഉണ്ണി, പി.കല്യാണി, കെ.ആർ.ശ്രീലത, എന്നിവർ പങ്കെടുത്തു.

കീമോതെറാപ്പി കേന്ദ്രം പ്രവർത്തനം തുടങ്ങിയത് 2017ൽ

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ 2017-ലാണ് നിലവിലെ കീമോതെറാപ്പി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. കീമോതെറാപ്പി, ഓറൽപത്തോളജി, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളുള്ള ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്. സർക്കാർ മേഖലയിൽ ജില്ലാ ആശുപത്രിയിൽ മാത്രമാണ് അർബുദ ചികിത്സ കേന്ദ്രമുള്ളത്.