
പട്ടാമ്പി: ഭൂമിയിൽ ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിന് ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷന്റെയും സഹായത്തോടുകൂടി കൊപ്പം പഞ്ചായത്തിലെ നവീകരണം പൂർത്തിയാക്കിയ അരക്കുളം ജലാശയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുളങ്ങളും പുഴകളും തോടുകളും കാവുകളും സംരക്ഷിച്ചു വന്നിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. ആ തലമുറയിൽ നിന്ന് ഇന്നത്തെ തലമുറ മാറിയിരിക്കുന്നു. ഭൂമിയിലെ ജീവന്റെ തുടിപ്പിന് ആധാരമാണ് ഇവയെന്ന് നാം മറന്നുകൂടായെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാൻ പി.വി.സത്യനേശൻ, കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുണ്യാ സതീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സമിതി ചെയർപേഴ്സൺ ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, എ.പി.രാമദാസ്, കെ.ബീന, ടി.വി.വത്സല, പി.പി.ധനലക്ഷ്മി, കെ.സി.ഗോപാലകൃഷ്ണൻ, ടി.ഉണ്ണികൃഷ്ണൻ, പി.കെ.ശാലിനി എന്നിവർ പങ്കെടുത്തു.