padam

നെന്മാറ: ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് സജീവമായതോടൊപ്പം കർഷകർക്ക് സംഭരണം സംബന്ധിച്ച ആശങ്കയും വർദ്ധിക്കുന്നു. നിലവിൽ തരൂർ, കോട്ടായി, അത്തിപ്പൊറ്റ, കണ്ണമ്പ്ര, പത്തിരിപ്പാല, നെന്മാറ, അയിലൂർ, കയ്പ്പഞ്ചേരി എന്നിവിടങ്ങളിലാണ് കൊയ്ത്ത് സജീവമായിരിക്കുന്നത്. ഇതിൽ നെന്മാറ, അയിലൂർ, കയ്പ്പഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യം രണ്ടാംവിളയിറക്കിയ പാശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞിട്ടും സപ്ലൈകോ നെല്ല് സംഭരണം ആരംഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. സംഭരണത്തിനായി ഇനി എത്ര ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്ന് അറിയില്ലെന്നാണ് കർഷകർ പറയുന്നത്. നെല്ല് സൂക്ഷിക്കാനുള്ള സൗകര്യങ്ങളില്ലാത്ത കർഷകരെ സപ്ലൈകോ സംഭരണം വൈകിപ്പിക്കും തോറും കൂടുതൽ പ്രതിസന്ധിയിലാക്കും.

നിലവിൽ കൊയ്യാൻ പാകമായ പാടങ്ങളിൽ കാട്ടുപന്നി, മയിൽ, തത്ത എന്നിവയുടെ ശല്യവും രൂക്ഷമാണ്. പന്നികൾ ഇറങ്ങുന്ന പാടങ്ങളിൽ പകുതിയോളം വിള നശിപ്പിക്കുന്ന അവസ്ഥയാണ്. ഇത് കർഷകർക്ക് ഏറെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. ചിലയിടങ്ങളിൽ നെൽകതിരുകളുടെ ഭാരം മൂലം ചെടികൾ വീണ് നിലംപൊത്തിയതിനാൽ നേരത്തെ വിളവ് കൊയ്‌തെടുത്തിട്ടുണ്ട്.

പാടങ്ങളിലെ വെള്ളം വിനയാകുന്നു

കൃഷി ആവശ്യത്തിനായി പോത്തുണ്ടി ഡാമിൽ നിന്ന് കനാൽവെള്ളവിതരണം ദിവസങ്ങൾക്കു മുമ്പ് നിർത്തിയെങ്കിലും പാശേഖരങ്ങളിൽ വെള്ളം ഉള്ളതിനാൽ ചെയിൻഘടിപ്പിച്ച കൊയ്ത്ത് യന്ത്രമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരം യന്ത്രത്തിൽ വയ്‌ക്കോൽ ചെളിയിൽ താഴ്ന്ന് നാശമാകുന്നതിനാൽ വയ്‌ക്കോലിന് വിലകിട്ടാത്തതും കർഷകരെ നിരാശരാക്കുന്നു. ചെളിയില്ലാത്ത കൊയ്‌തെടുത്ത പാശേഖരങ്ങളിൽ വയ്‌ക്കോൽ യന്ത്രം ഉപയോഗിച്ച് റോളുകളായി കെട്ടിയെടുക്കുന്ന കർഷകരും ഉണ്ട്. വയ്‌ക്കോലിന് നല്ല വിലയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ കൊയ്ത്ത് യന്ത്രത്തിന്റെ വാടക ചെലവിന് സഹായമാകുമെന്നാണ് കർഷകർ പറയുന്നത്.

ഓരോ മേഖലയിലും പാടശേഖരങ്ങളിലെ കൊയ്ത്ത് 50 ശതമാനം ആയാലുടൻ അവിടെ നെല്ല് സംഭരണം ആരംഭിക്കും. സംഭരണം വേഗത്തിലാക്കാൻ നിലവിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും തുടരുന്നുണ്ട്. ഇത്തവണ ജില്ലയിൽ റെക്കാർഡ് നെല്ല് സംഭരണമാണ് ലക്ഷ്യമിടുന്നത്.

സി.മുകുന്ദകുമാർ, പാഡി മാർക്കറ്റിംഗ് ഓഫീസർ, പാലക്കാട്.