train

കൊല്ലങ്കോട്: വൈദ്യുതീകരണം പൂർത്തിയായ പാലക്കാട് -പൊള്ളാച്ചി ലൈനിലൂടെ ആദ്യ വൈദ്യുതീകരണ ട്രെയിൻ പരീക്ഷണഓട്ടം നടത്തി. ഇന്നലെ രാവിലെ എട്ടരയോടെ പൊള്ളാച്ചിയിൽ നിന്നും പഴനിയിലേക്കും പഴനിയിൽ നിന്നും പൊള്ളാച്ചി, കൊല്ലങ്കോട്, പാലക്കാട് സ്റ്റേഷൻ വരെയായിരുന്നു സുരക്ഷാ പരിശോധന. ബംഗളൂർ ആസ്ഥാനമായ റെയിൽവേ സർക്കിൾ കമ്മീഷണർ അഭയ് കുമാർ റായും പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോത്താരി, ഇലട്രിക് വിഭാഗം ചീഫ് പ്രൊജക്ട് ഡയറക്ടർ സമീർവീജീ , പാലക്കാട് ഡിവിഷണൽ ഇലട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ് ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്. പാലക്കാട് ടൗണിൽ നിന്നും ഇലട്രിക് എഞ്ചിനും ഇൻസ്‌പെക്ഷൻ ക്യാബിൻ ഉൾപ്പെടെ എട്ടോളം ബോഗികളുമായി ആദ്യ വൈദ്യുത ട്രെയിൻ വൈകുന്നേരം ആറ് മണിയോടെ കൊല്ലങ്കോട് സ്റ്റേഷനിലൂടെ കടന്നു പോയി. പൊള്ളാച്ചിയിൽ എത്തിയ ശേഷം പഴനി വരെയും. പരിശോധന പൂർത്തിയാക്കായ ശേഷം റെയിൽവേ ബോർഡിലേക്ക് കമ്മിഷൻ റിപ്പോർട്ട് നൽകും. റെയിൽവേ ബോർഡ് കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈൻ 56 കിലോമീറ്റർ കമ്മിഷൻ ചെയ്തായി പ്രഖ്യാപിക്കൂ.