
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 428 ദിവസം പിന്നിട്ടു. രാജ്യസുരക്ഷയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന, ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ബെമൽ കോർപ്പറേറ്റുകൾക്ക് വിറ്റ് രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന കേന്ദ്ര നടപടി പൊതുജനങ്ങൾക്കു മുമ്പിൽ തുറന്നുകാണിക്കുകയാണ് സി.ഐ.ടി.യുവിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് സി.ഐ.ടി.യും സമരത്തിന്റെ ഒന്നാം വാർഷികത്തിൽ പഞ്ചായത്ത് മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിൽ ഉൾപ്പെടെ സമരജ്വാല സംഘടിപ്പിച്ചതും. കാർഷിക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ഊർജം ഉൾക്കൊണ്ട് പാലക്കാട്ടെ കഞ്ചിക്കോടും അതേ മാതൃക പിന്തുടരാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. സമരത്തിന് ജനകീയമുഖം കൈവരിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.
ലക്ഷ്യം ഭൂമി കച്ചവടം
ബെമലിന്റെ ഉടമസ്ഥാവകാശം നേടാൻ മത്സരിക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രധാനലക്ഷ്യം റിയൽ എസ്‌റ്റേറ്റ് കച്ചവടം. ബെമലിന് ഓഹരി വിലയായി നിശ്ചയിച്ച 1800 കോടി രൂപയ്ക്ക് സ്വകാര്യ കമ്പനികളുടെ കൈവശമെത്തുക 25,000 കോടി രൂപയുടെ സർക്കാർ ആസ്തി. ഈ മാസം 31നകം ടെൻഡർ ഉറപ്പിക്കും.
കേന്ദ്രസർക്കാരിന്റെ 54 ശതമാനം ഓഹരിയിൽ അഞ്ച് ശതമാനംകൂടി വിൽക്കാൻ നിതി ആയോഗ് ശുപാർശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലിന്റെ കടയ്ക്കലും കത്തിവീഴുന്നത്. ഇതോടെ ബെമലിന്റെ ഓഹരി വിറ്റഴിക്കാൻ 2019 ജനുവരിയിൽ കേന്ദ്ര സർക്കാർ താത്‌പര്യപത്രം ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 54 ശതമാനം ഓഹരിയിൽ 26 ശതമാനമാണ് വിറ്റഴിക്കുന്നത്. മാനേജ്‌മെന്റ് അധികാരവും ഓഹരി വാങ്ങുന്ന കമ്പനിക്ക് ലഭിക്കും. രണ്ട് വിദേശ കമ്പനികൾ ഉൾപ്പെടെ ആറ് കമ്പനികളാണ് താത്‌പര്യപത്രം സമർപ്പിച്ചത്. ഓരോ വർഷവും കേന്ദ്ര സർക്കാരിന് കോടികൾ ലാഭം ഉണ്ടാക്കിത്തരുന്ന, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന ഒന്നിൽപെട്ട കമ്പനിയാണിത്. മെട്രോ റെയിൽ കോച്ചുകൾ, സൈനിക ട്രക്കുകൾ എന്നിവയാണ് ബെമൽ പ്രധാനമായും നിർമിക്കുന്നത്. ബംഗളൂരു നഗരത്തിൽ 110 ഏക്കറും മൈസൂരുവിൽ 200 ഏക്കറും കോലാറിൽ 2400 ഏക്കറും കഞ്ചിക്കോട്ട് 145 ഏക്കറും ബെമലിനുണ്ട്. ബംഗളൂരുവിൽ ഒരു ചതുരശ്ര അടി സ്ഥലത്തിന് 25,000 രൂപയാണ് വിപണിവില. ചെന്നൈ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലും ബെമലിന് ഭൂമിയുണ്ട്. ഇതുൾപ്പെടെ 56,000 കോടി രൂപ ആസ്തിയുള്ള മിനിരത്ന ഒന്നിൽപ്പെട്ട സ്ഥാപനമാണ് ഓഹരിവില കണക്കാക്കി തുച്ഛവിലയ്ക്ക് വിൽക്കുന്നത്. ബെമൽ ഭൂമിയിലാണ് സ്വകാര്യ കുത്തകകൾ കണ്ണുവയ്‌ക്കുന്നത്.
10,000 കോടിയുടെ ഉത്പാദന കരാർ
2020-21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 74.8 കോടി രൂപയാണ്. 2019- 20ൽ 68.38 കോടിയും 2018-19 കാലയളവിൽ 63.49 കോടിയും കമ്പനി ലാഭം നേടിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 2017-18-ൽ നേടിയ 129.45 കോടിയാണ് ഏറ്റവുമുയർന്ന ലാഭം. 2016-17-ൽ 84.44 കോടിയായിരുന്നു അറ്റാദായം
2020-21ൽ 3557 കോടി വിറ്റുവരവും 74.8 കോടി ലാഭവുമുണ്ടാക്കിയ ബെമലിന് അടുത്ത മൂന്ന് വർഷത്തേക്ക് 10,000 കോടി രൂപയുടെ ഉത്പാദനത്തിനും കരാർ ലഭിച്ചിട്ടുണ്ട്. മുംബൈ മെട്രോയുടെ 4000 കോടിയുടെ ഓർഡർ ഉൾപ്പെടെയാണിത്. ഓഹരി വിറ്റഴിക്കലിനെതിരെ പാലക്കാട് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ആറ് നിർമ്മാണ യൂണിറ്റുകളിലും പത്ത് റീജനൽ ഓഫീസുകളിലും നാല് സർവീസ് സെന്ററുകളിലും ജീവനക്കാർ അനിശ്ചിതകാല സമരത്തിലാണ്.
1964ൽ ആറര കോടി മുതൽ മുടക്കിൽ ആരംഭിച്ച സ്ഥാപനമാണിത്. ലോകത്തിലെ വലിയ കമ്പനികളുമായി
മത്സരിച്ച് രാജ്യസുരക്ഷാ വാഹനങ്ങൾ, റെയിൽവേ കോച്ചുകൾ, മെട്രോ കോച്ചുകൾ എന്നിവ ഇവിടെ നിർമ്മിക്കുന്നു. ഖനന മേഖലയിലെ വാഹനങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനവുമാണിത്. മറ്റ് കമ്പനികൾ 11 കോടി രൂപ വരെ ഒരു മെട്രോ കോച്ചിന് ഈടാക്കുമ്പോൾ 8 കോടി രൂപയ്ക്ക് മികച്ച നിലവാരത്തിൽ കോച്ച് നിർമ്മിച്ചു നൽകുന്നു ബെമൽ.
ആശങ്കയിൽ തൊഴിലാളികൾ
വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് 2010 മെയിൽ കഞ്ചിക്കോട് ബെമൽ യൂണിറ്റ് ആരംഭിച്ചത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. കമ്പനിക്കുവേണ്ടി 364 ഏക്കർ സ്ഥലം എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് സൗജന്യമായി കൈമാറി. അടുത്ത ഘട്ടവികസനത്തിന് 625 ഏക്കർ ഭൂമികൂടി കണ്ടെത്തി. പൊതുമേഖലാസ്ഥാപനത്തിന് യുദ്ധകാലാടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്ത് കൈമാറിയ സംസ്ഥാന സർക്കാരിനെ ഉദ്ഘാടന വേളയിൽ എ.കെ ആന്റണി പ്രശംസിച്ചിരുന്നു.
രാജ്യത്താകെ പതിനായിരത്തോളം പേർ ജോലിനോക്കുന്ന കമ്പനിയാണ് ബെമൽ. കഞ്ചിക്കോട് കരാർ തൊഴിലാളികൾ ഉൾപ്പെടെ അഞ്ഞൂറിലധികം ജീവനക്കാരുണ്ട്. ബെമലിലെ ഭൂരിഭാഗം സ്ഥിരംതൊഴിലാളികളും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കമ്പനി ആരംഭിക്കുമ്പോൾ സ്ഥലം വിട്ടുനൽകിയ പലരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. കോർപ്പറേറ്റുകൾക്ക് കമ്പനി കൈമാറുന്നതോടെ നൂറുകണക്കിന് കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടമാവും. കമ്പനി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി വിരമിക്കൽ പ്രായം 50 വയസാക്കാനും തൊഴിലാളികളുടെ പ്രവർത്തനം മാനേജ്‌മെന്റ് ഓരോ വർഷവും വിലയിരുത്തി തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനും നടപടി തുടങ്ങിയതായാണ് വിവരം. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കമ്പനിപ്പടിക്കൽ തൊഴിലാളികൾ സമരം ആരംഭിച്ചിട്ടുള്ളത്.