chicken-pox

പാലക്കാട്: ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ ജില്ലയിൽ ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം കൂടുന്നു. സംസ്ഥാനത്ത് മാർച്ചിൽ മാത്രം ഒമ്പത്ദിവസത്തിനുള്ളിൽ ഇതുവരെ 108 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ 863 പേർക്ക് രോഗം ബാധിച്ചു. ഇതിൽ മൂന്ന് മരണവും സംഭവിച്ചു. ജില്ലയിൽ നിലവിൽ നിരവധി പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നുണ്ടെങ്കിലും ഈ മാസം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ടുമാസത്തെ അപേക്ഷിച്ച് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് സാധാരണ രോഗബാധിതരുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതെന്ന് അധികൃതർ പറഞ്ഞു. ചൂട് കൂടുംതോറും വരുംമാസങ്ങളിൽ രോഗങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നും രോഗലക്ഷങ്ങൾ കണ്ടാലുടൻ ഡോക്ടറുടെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും രോഗങ്ങൾക്കുള്ള മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ലഭ്യമാണ്.

പനി ബാധിതർക്കും വേണം ശ്രദ്ധ
ചൂട് കൂടിയതിനാൽ വൈറൽ പനി ബാധിക്കുന്നവർ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സാഹായം തേടേണ്ടതാണ്. സംസ്ഥാനത്ത് ഈ മാസം ഇന്നലെവരെ 39630 പേർക്കാണ് പനി ബാധിച്ചിട്ടുള്ളത്. ഈ വർഷം ഇതുവരെ 524291 പേർ ചികിത്സ നേടി. ഇതിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. വേനൽചൂടിൽ വെന്തുരുകുന്ന പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞദിവസം 434 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ രണ്ടു പേർ കിടത്തി ചികിത്സയും തേടി.


ചിക്കൻപോക്സ് ലക്ഷണങ്ങൾ
ശരീരത്തിൽ ചുവന്ന തടിപ്പുകൾ,
പനി,
തലവേദന, തലകറക്കം,
ക്ഷീണം

പ്രതിരോധ മാർഗങ്ങൾ
ധാരാളം വെള്ളം കുടിക്കുക.
പഴം, പച്ചക്കറി എന്നിവ കഴിക്കുക.
രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക.
രോഗികൾ പൂർണമായും വിശ്രമിക്കുക.