inogration

കൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ രുചിയൂറും മാമ്പഴങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് മികച്ച വിലയ്ക്ക് നൽകാൻ സഹകരണ സംഘം ഓൺലൈൻ സംവിധാനം ഒരുക്കുന്നു. www.muthalamadamangoes.com എന്ന വെബ് സൈറ്റിലൂടെ മുതലമട അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘമാണ് ഓൺലൈനിലൂടെ മാങ്ങ വില്പനയ്ക്ക് അവസരമൊരുക്കിയിരിക്കുന്നത്. വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കൃഷിമന്ത്രി പി.പ്രസാദ് നിർവഹിച്ചു.

മുതലമടയിലെ മാവ് കർഷകർ നേരിടുന്ന കീടബാധ, ഉല്പാദനകുറവ്, വിലകുറവ് എന്നീ കാര്യങ്ങൾ സഹകരണ സംഘം ഡയറക്ടർ ആർ.രവി മന്ത്രിയെ അറിയിച്ചു. മുതലമടയിൽ മാവ് കൃഷിയ്ക്കായി സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും കീടങ്ങളെ തുരത്താൻ മരുന്ന് നിർദ്ദേശിക്കണമെന്നും സഹകരണ സംഘം സെക്രട്ടറി സജേഷ് ചന്ദ്രൻ ആവശ്യപ്പെട്ടു. മുതലമടയിലെ മാവ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉടൻ മുതലമട സന്ദർശിക്കുമെന്നും മന്ത്രി പി.പ്രസാദ് അറിയിച്ചു.ഒരു കിലോ മുതൽ എത്ര കിലോ വേണമെങ്കിലും മുൻകൂർ വില നൽകി വ്യത്യസ്ഥ ഇനം മാങ്ങ ലോകത്ത് എവിടെനിന്നും ഉപഭോക്താവിന് വെബ് സൈറ്റിലൂടെ വാങ്ങാൻ കഴിയുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കോഫ്ബ കമ്പനി സി.ഇ.ഒ എസ്.സുബീഷ്, ഡയറക്ടർ അമൽ ദേവരാജ് എന്നിവർ പറഞ്ഞു.മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി എന്നിവിടങ്ങളിലായി 10,000 ഏക്കറിൽ മാവ് കൃഷിയുണ്ടെങ്കിലും കർഷക ചന്ത ഇല്ല. 200 മാങ്ങ സംഭരണശാലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ വിപണനം നടക്കുന്നത്. എന്നാൽ മാങ്ങയുടെ വില നിശ്ചയിക്കാൻ കർഷകർക്ക് കഴിയാറില്ല.

തിരുവനന്തപുരം ആസ്ഥാനമായ കോഫ്ബ നെറ്റ് വർക്സ് എന്ന സ്റ്റാർട്ടപ്പാണ് മാങ്ങയുടെ ഓൺലൈൻ വിപണനത്തിന് സഹായിക്കുന്നത്. മാങ്ങാ കർഷകരിൽ നിന്നും വൻകിട കച്ചവടക്കാർക്കും മാങ്ങ വാങ്ങുന്നതിനായി muthalamadamango എന്ന പേരിൽ ആപ്പും ലഭ്യമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ വിൽക്കുന്നതിനാൽ ഉപഭോക്താക്കൾക്കും വിലക്കുറവിൽ മാമ്പഴം ലഭ്യമാകും.

ഓൺലൈൻ വില്പനയിൽ കർഷകർക്കു തന്നെ മാങ്ങയുടെ വില നിശ്ചയിക്കാൻ കഴിയും. വിപണന വിലയുടെ അഞ്ചുശതമാനം മാത്രമാണ് കൈകാര്യ ചെലവ് ഈടാക്കുന്നത്.

കെ.വി.മണികണ്ഠൻ, മുതലമട അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്.