pooram

മണ്ണാർക്കാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. പൂരത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പൂരം പുറപ്പാട് നടന്നു. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.തുടർന്ന് ആറാട്ടെഴുന്നെള്ളിപ്പ് നടന്നു.

പൂരത്തോടനുബന്ധിച്ച് വർഷം തോറും നൽകി വരുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാൾ വാദ്യ പ്രവീണ പുരസ്കാരത്തിന്റെ സമർപ്പണ ചടങ്ങ് നടന്നു. പന്ത്രണ്ടാമത് പുരസ്‌കാര സമർപ്പണമാണ് നടന്നത്. ചടങ്ങ് അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരസ്കാര ജേതാവ് മദള കലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണവാര്യർക്ക് കെ.ടി.ഡി.സി. ചെയർമാൻ പി.കെ.ശശി വാദ്യ പ്രവീണ പുരസ്‌കാരം നൽകി. സന്നദ്ധ പ്രവർത്തകൻ അസ്ളം അച്ചുവിനുള്ള പൂരാഘോഷ കമ്മിറ്റിയുടെ ആദരം നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ നൽകി. കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ.നാരായണൻ, മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, സെക്രട്ടറി എം.പുരുഷോത്തമൻ, മാനേജിംഗ് ട്രസ്റ്റി ബാലചന്ദ്രനുണ്ണി, ഡോ. എൻ.പി.വിജയ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് നൽകി വരുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാൾ വാദ്യ പ്രവീണ പുരസ്കാരം മദള കലാകാരൻ കല്ലേക്കുളങ്ങര കൃഷ്ണവാര്യർക്ക് കെ.ടി.ഡി.സി. ചെയർമാൻ പി.കെ.ശശി നൽകുന്നു