dowery

പാലക്കാട്: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഓൺലൈൻ പോർട്ടൽ സംവിധാനവുമായി വനിതാശിശു വികസന വകുപ്പ്. വനിതാദിനത്തോടനുബന്ധിച്ചാണ് സംസ്ഥാനത്ത് പോട്ടൽ സംവിധാനം നിലവിൽ വന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള നൂതന സംരംഭമാണ് ഈ പോർട്ടൽ. ഓൺലൈനായി തന്നെ പരാതി നൽകാനും നടപടിയെടുക്കാനും ഇതുവഴി സാധിക്കും. നൽകുന്ന വിവരങ്ങൾ രഹസ്യമായും സൂക്ഷിക്കും. പരാതി ലഭിച്ച് മൂന്ന് പ്രവർത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷൻ ഓഫീസർ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടും.

പരാതി നൽകേണ്ടവർ

വധുവിന്റെ കുടുംബം വരനോ, വരന്റെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ സ്ത്രീധനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകൾ, മാതാപിതാക്കൾ, ബന്ധുക്കൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവർക്കും പരാതി നൽകാം.

ഓൺലൈനായി എങ്ങനെ പരാതിപ്പെടാം

​ ​ wcd.kerala.gov.in/dowry എന്ന ലിങ്കിൽ 'പരാതി സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

​ ​വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒ.ടി.പി സബ്മിറ്റ് ചെയ്യുക.
​ ​വിവരം നൽകുന്നയാളുടെ പേര്, ഇ- മെയിൽ ഐ.ഡി എന്നിവ നൽകുക.

​ ​ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങൾ, സംഭവം നടന്ന സ്ഥലം, മേൽവിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പർ, ഇ- മെയിൽ വിലാസം എന്നിവ നൽകുക.

​ ​ഈ പരാതി മുമ്പ് വേറെയെവിടെയെങ്കിലും നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുക.

​ ​രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം സെക്യുരിറ്റി കോഡ് നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്യാം.

​ ​രജിസ്റ്റർ പൂർത്തിയായി കഴിഞ്ഞാൽ എസ്.എം.എസ് അറിയിപ്പ് നൽകും. ഓരോഘട്ടത്തിലും എസ്.എം.എസ് അപ്‌ഡേറ്റുകൾ ലഭിക്കും.

നിയമസഹായം നൽകും

ലഭിക്കുന്ന പരാതികൾ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥർക്ക് (ജില്ലാ ശിശുവികസന പദ്ധതി ഓഫീസർ) കൈമാറും. ആവശ്യമെങ്കിൽ പൊലീസ്, സൈക്കോളജിക്കൽ കൺസൽട്ടേഷൻ എന്നീ സഹായവും നിയമസഹായവും നൽകും.

നേരിട്ടെത്തി പരാതി പറയാൻ ധൈര്യം ഇല്ലാത്തവർക്ക് ഓൺലൈൻ പോർട്ടൽ സംവിധാനം ഏറെ ഉപകാരപ്രദമാണ്. കാതോർത്ത് പദ്ധതി മുഖേന ലഭ്യമാക്കുന്ന രീതിയും നടപടിയുമാണ് ഇതിലൂടെയും സ്വീകരിക്കുക. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിനായാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

ശുഭ, വനിതാശിശു വികസന ഓഫീസർ, പാലക്കാട്.