
ജലസ്രോതസുകളുടെ നവീകരണവും സംരക്ഷണവും ജലനിരപ്പ് ഉയരാൻ സഹായകമായി.
പൊട്ടിപ്പൊളിഞ്ഞു കിടന്ന കനാലുകളും ഉപകനാലുകളും നവീകരിച്ചാണ് ജലവിതരണം സുഗമമാക്കിയത്.
ജലസംഭരണത്തിലും ക്രമീകരണത്തിലും വിതരണത്തിലും കൃത്യമായ സമീപനം നിലനിർത്താനായാൽ ഇനിയും നില മെച്ചപ്പെടുത്താൻ കഴിയും.
ചിറ്റൂർ: വർഷങ്ങളായി വരൾച്ചയും ജലക്ഷാമവും അനുഭവപ്പെടുന്ന ചിറ്റൂർ ബ്ലോക്കിലെ ഭൂഗർഭ ജലനിരപ്പ് ഉയർന്നതായുള്ള റിപ്പോർട്ട് ആശ്വാസം നൽകുന്നു. കഴിഞ്ഞ 15 വർഷമായി അപകടകരമായ നിലയിൽ താഴ്ന്നുകൊണ്ടിരുന്ന ഭൂഗർഭ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതായാണ് പഠനങ്ങൾ വിലയിരുത്തുന്നത്. കുടിവെള്ളത്തിനുൾപ്പെടെ വർഷങ്ങളായി കുഴൽ കിണറുകളെ മാത്രം ആശ്രയിച്ചതാണ് ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്ക് താഴാൻ കാരണം. പ്രത്യേകിച്ച് ചിറ്റൂർ ബ്ലോക്കിലെ മഴ നിഴൽ പ്രദേശങ്ങളായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലാണ് കുഴൽ കിണറുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായത്. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ജലസ്രോതസുകളുടെ നവീകരണവും ജലസംരക്ഷണ സംഭരണ നടപടികളുമാണ് ജലനിരപ്പ് ഉയർത്താൻ സഹായകമായത്.
കെ.കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയായിരിക്കെ ജലക്ഷാമം നേരിടാൻ ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികളാണ് മേഖലയിൽ നടപ്പിലാക്കിയത്. നിരവധി കുളങ്ങളും, തടയണകളും നവീകരിച്ച് ജലസംരക്ഷണ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ഇവയെല്ലാം ജലസമൃദ്ധമാണ്. കിഴക്കൻ മേഖലയിലെ തടയണകൾ ഈ മാർച്ച് മാസത്തിലും നിറഞ്ഞുതന്നെ നിൽക്കുന്നു. മുൻകാലങ്ങളിൽ ജനുവരിയാകുമ്പോഴേക്കും തടയണകളും കുളങ്ങളും കിണറുകളും വറ്റിവരളും. അത്തരം ദുരിതാവസ്ഥയിൽ നിന്നും കരകയറാൻ മന്ത്രിയുടെ നടപടികൾ കൊണ്ട് സാധിച്ചിട്ടുണ്ട്. നിരവധി കുളങ്ങൾ നവീകരിച്ച് വെള്ളം സംഭരിക്കാനുള്ള സാഹചര്യമൊരുക്കിയത് ജലനിരപ്പ് ഉയരാൻ സഹായിച്ചു. കൂടാതെ പറമ്പികുളം - ആളിയാർ പദ്ധതിയിൽ നിന്നും കരാർ പ്രകാരമുള്ള മുഴുവൻ വെള്ളവും ലഭ്യമാക്കാൻ കഴിഞ്ഞതും ജലവിതരണം കൃത്യമായി നടപ്പാക്കാൻ ക്രമീകരണങ്ങൾ സ്വീകരിച്ചതും ഇപ്പോഴത്തെ മാറ്റത്തിന്റെ പ്രധാന ഘടകമാണെന്ന് കേന്ദ്ര ഗ്രൗണ്ട് വാട്ടർ എസ്റ്റിമേറ്റ് കമ്മിറ്റി വിലയിരുത്തി.