toll

വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചെങ്കിലും പ്രശ്നങ്ങൾ തീരുന്നില്ല. സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളുമാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. ബസിന് ഒരുതവണ ഇരുവശത്തേക്കും കടന്നുപോകാൻ 425 രൂപ വേണം. തൃശൂർ- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകൾ ഇത്തരത്തിൽ നിരവധി തവണ ഒരു ദിവസം കടന്നുപോകും. നിലവിൽ തത്കാലം ബസുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ടോൾ കൊടുത്ത് തുടങ്ങിയാൽ കൂടുതൽ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

ഒരു മാസത്തിൽ അമ്പത് തവണയിലധികം പോകുന്ന വാഹനങ്ങൾക്ക് ആകെയുള്ള സംഖ്യയിൽ നിന്നും 33 ശതമാനം കിഴിവ് അനുവദിച്ചിട്ടുണ്ടെങ്കിലും ബസുകൾക്ക് മാസം 9400 രൂപ കൊടുക്കേണ്ടിവരും. ഇത്രയും രൂപ ടോൾ അടച്ച് സർവീസ് നടത്തുന്നത് വൻ പ്രതിസന്ധിയിലാക്കുമെന്നാണ് ബസുടമകൾ പറയുന്നത്. സ്ഥിരമായി ടോൾ കൊടുക്കേണ്ടി വരുന്ന പ്രദേശത്തെ സ്‌കൂൾ ബസുകൾക്കും സമാന രീതിയിലുള്ള പ്രതിസന്ധിയാണ്. ടോൾ പിരിവിന്റെ രണ്ടാംദിവസവും പന്നിയങ്കരയിൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.